എസ്‌എന്‍ഡിപിയിലും എസ്‌എന്‍ ട്രസ്റ്റിലും അഴിമതി;വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സുഭാഷ് വാസു

തിരുവനന്തപുരം: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി വിമത പക്ഷം. ഒരു കാലത്ത് വലം കൈയ്യായിരുന്ന മാവേലിക്കര യൂണിയൻ പ്രസിഡന്റും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസുവാണ് ആരോപണവുമായി രംഗത്തെത്തിയത്.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള എസ്‌എന്‍ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. എസ്.എൻ.ഡി.പി സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്‌എന്‍ഡിപിയിലും എസ്‌എന്‍ ട്രസ്റ്റിലും വന്‍ അഴിമതി നടത്തിയെന്നും സുഭാഷ് വാസു ആരോപിച്ചു.

136 യൂണിയനുകളില്‍ ഭൂരിപക്ഷം യൂണിയനുകളും ഒപ്പമുണ്ടെന്നാണ് എതിർവിഭാഗത്തിന്റെ അവകാശവാദം. അടുത്ത മാസം എല്ലാവരുടേയും യോഗം വിളിച്ച്‌ പരസ്യമായി പ്രതികരിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. നേരത്തെ അഡ്വ. സി.കെ. വിദ്യാസാഗറിന്റെയും ഗോകുലം ഗോപാലന്റെയും നേതൃത്വത്തില്‍ വെള്ളാപ്പള്ളിക്ക് എതിരെ വിമത നീക്കം നടത്തിയിരുന്നെങ്കിലും കഴിഞ്ഞ യോഗം തിരഞ്ഞെടുപ്പിലും പരാജയപ്പെടുകയായിരുന്നു.

ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവിന്റെ പുതിയ നീക്കം ബിഡിജെഎസ്സിൽ ഉൾപ്പെടെ പൊട്ടിത്തെറികൾ ഉണ്ടാകും എന്നാണ് രാക്ഷ്ട്രീയ നിരീക്ഷരരുടെ വിലയിരുത്തൽ.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.