പൗരത്വ ഭേദഗതി നിയമം : ഇന്നലെ സംയുക്ത സമിതി നടത്തിയ ഹര്‍ത്താലിന് ഭാഗിക പ്രതികരണം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് കല്ലെറിയുകയും ബസുകള്‍ തടയുകയും ചെയ്തു. നാല് ബസ് ഡ്രൈവര്‍മാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിരുന്നു. ആലുവ, കൊല്ലം, കൊട്ടാരക്കര, നെടുമങ്ങാട്, ആറാലുംമൂട്, വാളകം, ബാലരാമുപരം എരുത്താവൂര്‍, പത്തനാപുരം, കരുനാഗപ്പള്ളി, കല്പറ്റ വെള്ളമുണ്ട, മാനന്തവാടി എന്നിവിടങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കു അക്രമമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് ഏജീസ് ഓഫീസ് മാര്‍ച്ചിനിടെ കല്ലേറില്‍ വഴിയാത്രക്കാരായ കരമന സ്വദേശി അനൂപിന് പരിക്കേറ്റിരുന്നു. കാറിനു നേരെയുണ്ടായ കല്ലേറില്‍ മൂന്നര വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യയനം മുടങ്ങിയില്ല. ഓഫീസുകളില്‍ ഹാജര്‍ നിലയില്‍ കാര്യമായ കുറവുണ്ടായില്ല.

ചില മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നിര്‍ബന്ധിച്ച് അടപ്പിച്ചു.വിവിധ ജില്ലകളിലായി കല്ലേറില്‍ 23 കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു. വയനാട് പുല്‍പ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സിക്കു നേരെ കല്ലെറിഞ്ഞ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയും പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു മുന്നില്‍ റോഡ് ഉപരോധിച്ച 25 ഓളം പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് അക്രമങ്ങളുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലായി 367 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Comments are closed.