പൗരത്വ നിയമം : മദ്രാസ് ഐ.ഐ.ടിയിലും അനിശ്ചിതകാല സമരത്തിന് ആഹ്വാനം

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ മദ്രാസ് ഐ.ഐ.ടിയിലും അനിശ്ചിതകാല സമരത്തിന് വിദ്യാര്‍ത്ഥികള്‍ ആഹ്വാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ച വരെ അടച്ചു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുംവരെ സമരം തുടരുമെന്നും ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ തുടരുകയാണ്. രാത്രിയും സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ജാഫ്രബാദ്, മൊജ്പുര്‍ -ബാബര്‍പുര്‍, സീലംപുര്‍, ഗോകുല്‍പുരി, ജോഹ്റി എന്‍ക്ലേവ്, ശിവ് വിഹാര്‍ എന്നീ മെട്രോസ്റ്റേഷനുകള്‍ അടച്ചെങ്കിലും വൈകിട്ട് തുറന്നു. സീലംപുര്‍ ജാഫ്രബാദ് റോഡില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ധര്യാഗഞ്ചു മുതല്‍ ഡല്‍ഹി ഗേറ്റുവരെയുള്ള ഗതാ ഗതത്തെയും ബാധിച്ചു. സ്ഥലത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് പൊലീസ് നിരീക്ഷിക്കുകയാണ്.

സീലംപുരിലെ നമ്പര്‍ 66 സ്ട്രീറ്റിലാണ് പ്രതിഷേധം നടന്നത്. സീലംപുരില്‍ നിന്നും ജാഫ്രബാദില്‍ നിന്നുമുള്ള നിരവധി യുവാക്കള്‍ എത്തിയതോടെ രണ്ട് മണിക്ക് നിശ്ചയിച്ചിരുന്ന റാലി ഒരു മണി കഴിഞ്ഞതോടെ ആരംഭിച്ചു. സീലംപുര്‍ ചൗക്കില്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ചിലര്‍ ബസുകള്‍ക്ക് കല്ലെറിഞ്ഞു. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കു നേരെയും കല്ലേറുണ്ടായി. പൊലീസ് സന്നാഹം കുറവായിരുന്നു.

സംഘര്‍ഷം വ്യാപിച്ചതോടെ പൊലീസ് കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ചു.സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊതുസ്വത്ത് നശിപ്പിച്ച് അക്രമം കാട്ടിയവരെ വെറുതേവിടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സമാധാനം നിലനിറുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലെഫ്.ഗവര്‍ണര്‍ അനില്‍ബൈജാലും ആഹ്വാനം ചെയ്തു. അലിഗഢ്, ബനാറസ്, കൊല്‍ക്കത്ത തുടങ്ങിയ ഒട്ടേറെ കേന്ദ്രങ്ങളിലും ഇന്നലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നിരുന്നു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് മാറ്റിയേക്കും.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിലും രണ്ട് ദിവസമായി മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധം നടക്കുകയാണ്. സര്‍വകലാശാല അധികൃതരുടെ അനുമതി ഇല്ലാതെയാണ് പൊലീസ് പ്രവേശിച്ചത്. നൂറോളം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ റാലി ഡല്‍ഹിയില്‍ അക്രമാസക്തമായിരുന്നു.

Comments are closed.