പര്‍വേസ് മുഷാറഫിന് രാജ്യദ്രോഹക്കുറ്റത്തിന് പെഷവാറിലെ പ്രത്യേക കോടതിയുടെ വധശിക്ഷ

ഇസ്ലാമബാദ്: 2007ല്‍ ഭരണം പിടിച്ചെടുക്കാനായി ഭരണഘടന സസ്പെന്‍ഡ് ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ പാകിസ്ഥാന്‍ മുന്‍ പട്ടാള ഏകാധിപതി പര്‍വേസ് മുഷാറഫിന് പെഷവാറിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ദുബായിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലുള്ള മുഷാറഫിന് രാജ്യദ്രോഹത്തിന് വധശിക്ഷയോ ജീവപര്യന്തമോ ആണ് ശിക്ഷ.

പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖര്‍ അഹമ്മദ് സേഥ്, സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നാസര്‍ അക്ബര്‍, ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് ഷാഹിദ് കരീം എന്നിവരുടെ ബെഞ്ച് ഇന്നലെ അന്തിമ വാദം കേട്ട ശേഷം 2 -1 എന്ന ഭിന്ന വിധിയിലാണ് വധശിക്ഷ വിധിച്ചത്. അതേസമയം 2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും തുടര്‍ന്നുള്ള വിവാദ നടപടികളുമാണ് രാജ്യദ്രോഹക്കുറ്റമായത്.

മുഷാറഫ്പുറത്താക്കിയ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭരണത്തില്‍ തിരിച്ചു വന്നപ്പോഴാണ് രാജ്യദ്രോഹ കേസ് എടുത്തിരുന്നത്. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നും സ്റ്റേ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി മുഷാറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അറസ്റ്റ് ഭയന്ന് പാകിസ്ഥാന്‍ വിട്ട മുഷാറഫ് 2016 മുതല്‍ ദുബായിലാണ്. ഈ മാസം ആദ്യം ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Comments are closed.