ബത്തേരിക്കടുത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു

സുല്‍ത്താന്‍ ബത്തേരി: ബത്തേരിക്കടുത്ത് ഏഴു വയസ്സുകാരന് പാമ്പ് കടിയേറ്റു. ഇന്നലെ ഉച്ചയ്ക്ക് ബത്തേരിക്കടുത്ത് ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ദൊട്ടപ്പന്‍കുളം കാപ്പാട് സുലൈമാന്റെ മകന്‍ മുഹമ്മദ് റിയാനിനാണ് പാമ്പ് കടിയേറ്റത്.

പരീക്ഷ കഴിഞ്ഞ് പന്ത്രണ്ടരയോടെ ക്ലാസില്‍ നിന്ന് പുറത്തിറങ്ങിയ റിയാന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരി ആമിനയെ മുറ്റത്ത് കാത്തുനിന്നതായിരുന്നു. കാലില്‍ എന്തോ കടിച്ചതായി തോന്നിയെങ്കിലും അപ്പോള്‍ ആരോടും പറഞ്ഞില്ല. കുറച്ചുകഴിഞ്ഞ് ആമിനയ്‌ക്കൊപ്പം ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി. പിന്നീട് അസ്വാസ്ഥ്യം കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് തന്നെ സ്‌കൂളിന്റെ മുറ്റത്ത് നിന്ന് എന്തോ കടിച്ചതായി കുട്ടി പറഞ്ഞത്.

തുടര്‍ന്ന് സ്‌കൂളില്‍ വിവരമറിയിച്ച വീട്ടുകാര്‍ റിയാനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രഥമശുശ്രുഷ നല്‍കിയശേഷം ഒന്നരയോടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുയായിരുന്നു. ആന്റിവെനം നല്‍കിയതോടെ റിയാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Comments are closed.