പൗരത്വ നിയമ ഭേദഗതി മദ്രാസ് സര്‍വകലാശാലയില്‍ സമരം ചെയ്തിരുന്ന വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപെട്ട് മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തമിഴ്‌നാട്ടിലെ വിവിധ ക്യാമ്പസുകളിലേക്ക് പടര്‍ന്ന സാഹചര്യത്തില്‍ 13 പെണ്‍കുട്ടികള്‍ അടക്കം മുപ്പതോളം വിദ്യാര്‍ത്ഥികളെ അര്‍ധരാത്രി ക്യാമ്പസിനകത്ത് കയറി പൊലീസ് അറസ്റ്റ് ചെയ്തു. സ്വമേധയാ പിരിഞ്ഞു പോകണം എന്ന് പത്തു മണിയോടെ ജോയിന്റ് കമ്മീഷണര്‍ എത്തി ആവശ്യപെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ നിരാകരിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

തുടര്‍ന്ന് ട്രിപ പ്ലിക്കന്‍ സ്റ്റേഷനിലേക്ക് മാറ്റിയ വിദ്യാര്‍ത്ഥികളെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ കമല്‍ഹാസനെ സര്‍വകലാശാല കവാടത്തിന് പുറത്ത് തടഞ്ഞ നടപടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ബില്ലിനെ അനുകൂലിച്ച അണ്ണാഡിഎംകെയ്ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി പ്രതിരോധം കടുപ്പിക്കുകയാണ് ഡിഎംകെ. ശ്രീലങ്കന്‍ തമിഴരെ പോലും സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് ആരോപണം. 23 ന് നടക്കുന്ന പ്രതിപക്ഷ റാലിയില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും ഡിഎംകെയ്ക്ക് ഒപ്പം ചേരുന്നതാണ്.

അതേസമയം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ക്യാമ്പസിലേക്ക് എത്തുമെന്ന വിവരം സര്‍ക്കാരിന് ലഭിച്ചു. സമരം ഇനിയും തുടര്‍ന്നാല്‍ കൈവിട്ടു പോകുമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് അവസാനിപ്പിക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

Comments are closed.