ഭാര്യയെയും ഭാര്യ പിതാവിനെയും ലോറി ഇടുപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി

മേലാറ്റൂര്‍: വെള്ളിയഞ്ചേരിയില്‍ വീടിന്റെ സിറ്റൗട്ടില്‍ നിന്ന ഭാര്യയെയും ഭാര്യ പിതാവിനെയും ലോറി ഇടുപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ എടത്തനാട്ടുകര ചള്ളപ്പുറത്ത് റഫീഖ്(28) ആണ് മേലാറ്റൂര്‍ പോലീസ് പിടിയിലായത്.

റഫീഖുമായി പിണങ്ങി ചേരിപ്പറമ്പ് സ്വദേശിയായ ഭാര്യ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടികളെ കാണാന്‍ എന്ന് പറഞ്ഞ് എത്തിയ റഫീക്ക് ഭാര്യയോട് തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മകളെ മര്‍ദ്ദിക്കുന്നത് കണ്ടതോടെ പിതാവ് റഫീഖിനെ ബലമായി ഇറക്കിവിട്ടു. തുടര്‍ന്ന് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനിലോറിയാണ് വീട്ടിലേക്ക് ഇടിച്ചു കയറ്റിയത്.

വീടിന്റെ മുന്‍വശത്തെ ബീമില്‍ ഇടിച്ചാണ് ലോറി നിന്നത്. ലോറിയുടെയും ഭിത്തിയുടെയും ഇടയില്‍ നിന്ന് തങ്ങള്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ഭാര്യാപിതാവ് ചേരിപ്പറമ്പ് അരിപ്പന്‍ വീട്ടില്‍ അബ്ബാസ് പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം സിറ്റൗട്ടില്‍ നില്‍ക്കുകയായിരുന്ന ഭാര്യയെയും മാതാപിതാക്കളെയും കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

Comments are closed.