പൗരത്വ ഭേദഗതി നിയമം കര്‍ണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും വ്യാപക അറസ്റ്റ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും വ്യാപകമായി അറസ്റ്റ് നടക്കുന്നു. പ്രതിഷേധത്തിന് മുന്നില്‍ ഉണ്ടായിരുന്ന ബംഗലുരുവിലെ ടൗണ്‍ഹാളിന് മുന്നില്‍ നിന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവിനെയുമെല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ പോസ്റ്റര്‍ ഏന്തിയതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഗുഹ പറഞ്ഞു. കൂടാതെ ചെങ്കോട്ടയില്‍ നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ചിനായി എത്തിയ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെയും അദ്ധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലേക്കുള്ള പാതകളില്‍ ബാരിക്കേഡ് ഏര്‍പ്പെടുത്തിയ പോലീസ് ഡല്‍ഹി മെട്രോയുടെ 14 സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ്.

നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കര്‍ണാടകയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ 6 മണി മുതല്‍ ഡിസംബര്‍ 21 ന് അര്‍ദ്ധരാത്രി വരെ ബംഗലുരു നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ യ്ക്കെതിരേ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.

മന്ത്രിമാരുടെ ചിത്രത്തില്‍ പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതീകാത്മകമായി ചെരുപ്പു കൊണ്ടടിച്ചു. തുടര്‍ന്ന് തമിഴ്നാട് കൂടല്ലൂരില്‍ വിമണ്‍സ് കോളേജ് വിദ്യാര്‍ത്ഥികളെയും രാമനാഥപുരം സയീദ് കോളേജിലെ വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ വീട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തുകയും ചെയ്തു.

Comments are closed.