പൗരത്വ ഭേദഗതി നിയമം ലക്നൗവില്‍ ഒരാളും മംഗളുരുവില്‍ രണ്ട് പേരും പൊലീസ് വെടിവയ്പില്‍ മരണമടഞ്ഞു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഒരാളും കര്‍ണാടകത്തിലെ മംഗളുരുവില്‍ രണ്ട് പേരും പൊലീസ് വെടിവയ്പില്‍ മരണമടഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിവരെയാണെ വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്. മംഗളുരുവില്‍ മരിച്ചവരില്‍ ഒരാള്‍ ബന്തര്‍ സ്വദേശി ജലീല്‍ (35) ആണ്.

കൂടാതെ സംഘര്‍ഷത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഡല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഡല്‍ഹി, ലക്നൗ, പാട്ന, ഹൈദരാബാദ്, ബാംഗ്‌ളൂര്‍, മംഗളുരു, മുംബയ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയും പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലുമുണ്ടായി.

ഡല്‍ഹിയില്‍ നിരോധനം ലംഘിച്ച് മാര്‍ച്ച് നടത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ബൃന്ദാ കാരാട്ട്, കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത്ത്, സ്വരാജ്യ അഭിമാന്‍ അദ്ധ്യക്ഷന്‍ യോഗേന്ദ്ര യാദവ്, ബംഗളുരുവില്‍ ചരിത്രകാരന്‍ രാമചന്ദ്രഗുഹ എന്നിവരെയും മാര്‍ച്ചിനെത്തിയ ജാമിയ മിലിയ സര്‍വകലാശാല, ജെ. എന്‍. യു, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് പ്രക്ഷോഭകരെ തടയാന്‍ ഇരുപത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡല്‍ഹിയില്‍ നിരവധി വിമാനസര്‍വീസുകള്‍ നിറുത്തി. ഡല്‍ഹി-ഹരിയാന അതിര്‍ത്തി അടച്ചു. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

Comments are closed.