അന്യസംസ്ഥാന ലോട്ടറികളെ പ്രതിരോധിക്കാന്‍ ലോട്ടറി ഏജന്റുമാരെ വിളിച്ചുകൂട്ടുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ലോട്ടറി നികുതി ഏകീകരിച്ചത് അന്യസംസ്ഥാന ലോട്ടറി മാഫിയയെ സഹായിക്കാനാണെന്നും അതിനാല്‍ അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ കടന്നുകയറ്റം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി.

തുടര്‍ന്ന് അന്യസംസ്ഥാന ലോട്ടറികളുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരില്‍ നിന്നു മാറ്റി അതത് സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാക്കാന്‍ ജി.എസ്.ടി നിയമത്തില്‍ മാറ്റം വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിനായി അന്യസംസ്ഥാന ലോട്ടറികളെ പ്രതിരോധിക്കാന്‍ ലോട്ടറി ഏജന്റുമാരെ വിളിച്ചുകൂട്ടുകയും സംസ്ഥാന ലോട്ടറി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും പറഞ്ഞു.

ജി.എസ്. ടി കൗണ്‍സിലില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ തിരഞ്ഞെടുപ്പു നടക്കുന്ന ജാര്‍ഖണ്ഡില്‍ നിന്നുള്ള ധനമന്ത്രി പോലും പങ്കെടുത്തു. ലോട്ടറി ഏകീകരിക്കണമെന്ന വാശി ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മറുപടി പറയണം.

നേരത്തെ കേരളത്തിന്റെ നീക്കത്തെ അനുകൂലിക്കാമെന്നേറ്റ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും മാറിനിന്നതു കാരണമാണ് ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനത്തിന് 75 ശതമാനം പിന്തുണ കിട്ടിയതെന്നും സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്കാണ് ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ ഇത് പ്രതികൂലമായി ബാധിക്കും.

ലോട്ടറിയില്‍ നിന്ന് പിന്മാറാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 10 കോടിയോ 20 കോടിയോ വീതം സംസ്ഥാനം നഷ്ടപരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആദ്യം അവര്‍ അത് അംഗീകരിച്ചെങ്കിലും പിന്നീട് വോട്ടെടുപ്പില്‍ പങ്കെടുത്ത് നികുതി ഏകീകരണത്തെ അനുകൂലിക്കുകയാണ് ചെയ്തത്. കേരളം മറ്റു സംസ്ഥാനങ്ങളിലേക്ക് ലോട്ടറി കൊണ്ടുപോകില്ല. സംസ്ഥാനത്തിനകത്ത് കടലാസ് ലോട്ടറി മാത്രമേ നടത്തൂ എന്നും ഓണ്‍ലൈന്‍ ലോട്ടറികളിലേക്ക് നീങ്ങില്ലെന്നും ഐസക് പറയുന്നു.

Comments are closed.