കെപിസിസിയുടെ 45 പേരുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: എ-ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 130 പേരെ ഉള്‍പ്പെടുത്തി നല്‍കിയ ഭാരവാഹി പട്ടിക നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയതിനു പിന്നാലെ ഒരാള്‍ക്ക് ഒരു പദവി എന്ന നയം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കെപിസിസിയുടെ 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും.

എ-ഐ ഗ്രൂപ്പുകളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ജംബോ കമ്മിറ്റി വേണ്ടെന്ന കര്‍ശന നിലപാടില്‍ അവസാന നിമിഷം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ചു നിന്നതും കേരള പോലൊരു ചെറിയ സംസ്ഥാനത്തിന് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ അടക്കം ഇത്ര വലിയ ഭാരവാഹി പട്ടിക എന്തിനാണെന്ന സോണിയ ഗാന്ധിയുടെ വിമര്‍ശനവുമാണ് ഭാരവാഹികളുടെ എണ്ണം കുറയാന്‍ കാരണം.

ജംബോ പട്ടികയ്ക്ക് നേരെ കര്‍ശന വിമര്‍ശനം ഉയര്‍ന്നതോടെ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. കേരളത്തില്‍ ജംബോ കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ജംബോ കമ്മിറ്റിയുടെ ഭാഗമായി ഭാരവാഹിത്വം തന്നാല്‍ അതു നാണക്കേടായി മാറുമെന്നും ഹൈക്കമാന്‍ഡിന് ഇവര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Comments are closed.