കാട്ടാക്കടയില്‍ പുരയിടത്ത് കയറി അനധികൃതമായി നടത്തിയ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു

കാട്ടാക്കട : കാട്ടാക്കടയില്‍ പുരയിടത്ത് കയറി അനധികൃതമായി നടത്തിയ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാഫിയകള്‍ ജെസിബി കൊണ്ട് അടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ അമ്പലത്തുംകാല കാഞ്ഞിരംവിള വീട്ടില്‍ സംഗീതിന്റെ പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് ചോദ്യം ചെയ്യുകയും തടയുകയും ചെയ്തപ്പോള്‍ ആയിരുന്നു സംഭവം.

കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാര ആവശ്യത്തിന് പോയിരുന്ന സമയത്തായിരുന്നു രണ്ട് ടിപ്പറും , ജെ സി ബി യുമായി എത്തിയ മണ്ണ് മാഫിയകള്‍ മണ്ണ് കടത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് സംഗീതിന്റ ഭാര്യ ഫോണില്‍ വിളിച്ചറിയിച്ചതിന്റ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.

എന്നാല്‍ പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. ഇയാളുടെ വാരിയെല്ല് ആക്രമണത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നിരുന്നു.

അതേസമയം കുറച്ചു ദിവസത്തിന് മുമ്പ് കീഴാറ്റൂര്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് പിഡബ്ല്യുഡി യും, ചെടി വിത്തുകള്‍ മുളപ്പിക്കാന്‍ വനം വകുപ്പും സംഗീതത്തിന്റെ പുരയിടത്തിനു സമീപത്തുനിന്ന് മണ്ണെടുത്തിരുന്നു. എന്നാല്‍ ചെമ്പകോട് സ്വദേശിയുടേതാണ് മണ്ണെടുക്കാന്‍ എത്തിച്ച വാഹനങ്ങള്‍. സംഭവത്തില്‍ കാട്ടാക്കട പോലീസ് കേസെടുത്തിരിക്കുകയാണ്.

Comments are closed.