കെ.പി.സി.സി. പുനഃസംഘടന : പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരന്‍ എം.പിയുമായി വാക്പോര്

തിരുവനന്തപുരം : കെ.പി.സി.സി. പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരന്‍ എം.പിയുമായി വാക്പോര്. ആദ്യഘട്ടം പുനഃസംഘടനയിലെ അതൃപ്തി സെക്രട്ടറിമാരെ നിയമിക്കുന്നതോടെ പരിഹരിക്കാമെന്നായിരുന്നു കെ.പി.സി.സി. നേതൃത്വം കരുതിയത്. എന്നാല്‍ കെ. കരുണാകരനൊപ്പം നിന്നവരെ ഇക്കുറിയും അവഗണിച്ചെന്നാണ് മുരളീധരപക്ഷത്തിന്റെ പരാതി.

അതേസമയം പുനഃസംഘടനയേത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ എ ഗ്രൂപ്പിനുള്ളിലും ഭിന്നത രൂക്ഷമായി. അതൃപ്തിയുണ്ടെങ്കിലും സെക്രട്ടറിമാരുടെ പട്ടിക വരുന്നതുവരെ മൗനം പാലിക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. കൂടാതെ 34 ജനറല്‍ സെക്രട്ടറിമാരില്‍ വനിതാപ്രാതിനിധ്യം ഒന്നില്‍ ഒതുങ്ങിയതിനെതിരേ മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തി.

മുമ്പ് ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മോഹന്‍ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതില്‍ മലബാറില്‍നിന്നുള്ള നേതാക്കളും എതിര്‍ത്തിരുന്നു. തുടര്‍ന്ന് മുരളീധരന്റെ വിമര്‍ശനത്തിനു മറുപടിയുമായി മുല്ലപ്പള്ളിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തി. പരസ്യവിമര്‍ശനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള കര്‍ശനതാക്കീതാണു കെ.പി.സി.സി. മുന്‍അധ്യക്ഷന്‍കൂടിയായ മുരളിക്ക് ഇരുവരും നല്‍കിയത്.

Comments are closed.