ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയ ബംഗ്ലാദേശ് സ്വദേശിയായ പ്രതിയെ പിടികൂടി

ഷൊര്‍ണൂര്‍: കാക്കനാട് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ഷൊര്‍ണൂര്‍ സ്റ്റേഷനോട് അടുത്ത് എത്തുന്നതിന് ഇടയില്‍ ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയ പ്രതിയെ പിടികൂടി. ചൊവ്വാഴ്ച ബംഗ്ലാദേശ് സ്വദേശിയായ മാണിക് മാസ്റ്ററാണ് ഏറനാട് എക്‌സ്പ്രസില്‍ നിന്ന് ഭാരതപ്പുഴക്ക് സമീപത്ത് നിന്ന് ചാടിപ്പോയത്. മോഷണക്കേസുകള്‍ അടക്കം നിരവധിക്കേസുകളിലെ പ്രതിയാണ് മാണിക്.

മോഷണ ശ്രമത്തിനിടെ ഇരകളെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തുന്നതായിരുന്നു ഇയാള്‍ നേതൃത്വം നല്‍കുന്ന ബംഗ്ലാ ഗ്യാങ്ങിന്റെ ശ്രമം. വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും ആക്രമിച്ച് അറുപത് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ദില്ലിയില്‍ നിന്നും പിടിയിലായ ഇയാള്‍ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ ജയിലിലായിരുന്നു. എന്നാല്‍ ഇവിടെ സഹതടവുകാരനെ ആക്രമിച്ച ഇയാളെ കാക്കനാടേക്ക് കൊണ്ടുവരുന്നതിന് ഇടയിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ട്രെയിനില്‍ നിന്ന് പൊലീസുകാര്‍ ഇറങ്ങി തിരയാന്‍ തുടങ്ങിയപ്പോഴേക്കും ഇയാള്‍ മുങ്ങിയിരുന്നു. നാലുമണിയോടെയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. ബര്‍മുഡ ധരിച്ച ഒരാള്‍ ട്രാക്കിലൂട നടന്ന് പോവുന്നത് സമീപത്തെ ഒരു വീട്ടമ്മ ശ്രദ്ധിച്ചിരുന്നു. ലോക്കല്‍ പൊലീസും റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പരിധിയിലെ വിജനമായ മേഖലകളില്‍ തിരയുന്നതിന് ഇടയിലാണ് ഒരു കെട്ടിടത്തില്‍ നിന്ന് ഇയാള്‍ ഇറങ്ങിയോടുന്നത് കണ്ടത്. തുടര്‍ന്ന് അടുത്തെത്തിയ പൊലീസിനെ വിലങ്ങുപയോഗിച്ച് ഇയാള്‍ ആഖ്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ഇയാളെ പൊലീസുകാരന്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.

Comments are closed.