വിദ്യര്‍ത്ഥിയെ നിര്‍ബന്ധിച്ച് കൂവിച്ച നടന്‍ ടൊവിനോ തോമസിനെതിരെ വിമര്‍ശനം

മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയില്‍ വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയില്‍ വിദ്യര്‍ത്ഥിയെ നിര്‍ബന്ധിച്ച് കൂവിച്ച നടന്‍ ടൊവിനോ തോമസിനെതിരെ പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയര്‍ന്നു. ടൊവിനോ വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിക്കുകയായിരുന്നു.

പ്രിവിലേജ് വെച്ചുള്ള ഹുങ്ക് കാണിച്ചാല്‍ അത് ചോദ്യം ചെയ്യപ്പെടണമെന്നും പരസ്യമായി അപമാനിതനായ വിദ്യാര്‍ത്ഥിയോട് മാപ്പ് പറയണമെന്നും കൂടാതെ കളക്ടറടക്കമുള്ളവര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. അതേസമയം വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തമായൊരു കലാലയത്തിലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവം നടക്കില്ലായിരുന്നെന്നും വിമര്‍ശിക്കുന്നുണ്ട്.

ടോവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്നും കൂവി. ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടന്‍ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദ്ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. അതേസമയം നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു ഇന്നലത്തന്നെ രംഗത്തെത്തിയിരുന്നു.

Comments are closed.