ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതിനെതിരെ പരാതിപ്പെട്ട തൃശ്ശൂര്‍ സ്വദേശിയെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി

തൃശ്ശൂര്‍: വീടിന് സമീപത്തെ കിരാത പാര്‍വതി ക്ഷേത്രത്തില്‍ അതി രാവിലെയും വൈകീട്ടും ഉച്ചഭാഷിണിയിലൂടെ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശ്ശൂര്‍ കോരച്ചാല്‍ സ്വദേശി വിനോദാണ് സമീപവാസികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നത് വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നാണ് പ്രവാസിയായ വിനോദ് പൊലീസില്‍ നല്‍കിയ പരാതി. ഇതേ തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി ഒന്നാകെ തനിക്കെതിരെ തിരിഞ്ഞെന്നാണ് വിനോദ് പറയുന്നത്.

തുടക്കത്തില്‍ അസഭ്യം പറഞ്ഞു. പിന്നീട് വധഭീഷണി വരെയുണ്ടായെന്നും കൂടാതെ പ്രദേശത്തെ യുവാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായും വിനോദിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അനുവദനീയമായ ശബ്ദത്തില്‍ മാത്രമാണ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ക്ഷേത്രം അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.

Comments are closed.