പൗരത്വ നിയമ പ്രതിഷേധത്തിന്റെ് പേരില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധക്കണം. പൗരത്വ നിയമ പ്രതിഷേധത്തിന്റെ് പേരില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താനാണ് നീക്കം നടക്കുന്നത്. അക്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അക്രമം അഴിച്ചുവിട്ടാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും എസ്.ഡി.പി.ഐയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതികരിച്ചു.

കോഴിക്കോട് പ്രതിഷേധ സമരത്തിന്റെ പേരില്‍ ടി.സിദ്ദിഖ് അടക്കമുള്ളവരെ അറസ്റ്റു ചെയ്തതില്‍ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്ന അദ്ദേഹം നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടില്ല. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ പോസ്റ്റ് ഓഫീസ് തല്ലിപ്പൊളിക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങളുണ്ടായാല്‍ കേസെടുക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു.

അതേസമയം എസ്.ഡി.പി.ഐയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയില്‍ പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. എസ്.ഡി.പി.ഐയെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷം എന്തിനാണ് ബഹളം വയ്ക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. എന്നാല്‍ എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കേണ്ട ആവശ്യം കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു.

Comments are closed.