നിര്‍ഭയ കേസില്‍ പ്രതികളുടെ ശിക്ഷ വേവ്വേറെ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യുഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ ശിക്ഷ വേവ്വേറെ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തുടര്‍ന്ന് നാലു കുറ്റവാളികളുടെയും വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതാണ്. ശിക്ഷ നടപ്പാക്കുന്നതില്‍ ഡല്‍ഹി ജയില്‍ ചട്ടമനുസരിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ. ഒരേ കുറ്റകൃത്യത്തില്‍ പങ്കെടുത്ത പ്രതികളില്‍ ഒരാളുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ മറ്റുള്ളവരുടെ ശിക്ഷ നടപ്പാക്കണമെന്ന് ജയില്‍ ചട്ടം പറയുന്നില്ല.

പ്രതികള്‍ നിയമപരമായ അവകാശങ്ങള്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണം. ഇതിന്റെ പേരില്‍ ശിക്ഷ നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ക്ക് അവകാശമില്ല. നിയമപരമായ സമയപരിധിക്കുശേഷം വിചാരണ കോടതിക്ക് മരണ വാറണ്ട് നടപടിയുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. അതേസമയം പ്രതികളുടെ ശിക്ഷ ഒരുമിച്ച് നടത്തണമെന്ന് ഹൈക്കോടതി ജഡ്ജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഈ കേസില്‍ ഒരു ഘട്ടത്തിലും കക്ഷിയല്ലെന്നും അതിനാല്‍ ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നും പ്രതികള്‍ വാദിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ഹര്‍ജി നല്‍കാന്‍ അധികാരമുണ്ടെന്ന് കോടതി അറിയിച്ചു. എന്നാല്‍ പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ മനഃപൂര്‍വ്വം ഇടപെടുന്നുണ്ടെന്നും അത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അതിനാല്‍ ദയാഹര്‍ജി നിരസിക്കപ്പെട്ട പ്രതികളുടെ ശിക്ഷ നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റവാളികളില്‍ രണ്ടു പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇവരുടെ തിരുത്തല്‍ ഹര്‍ജികളും കേടതി തള്ളി. മറ്റൊരാളുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

Comments are closed.