വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തിയ 142 പേരെ അബുദാബി പൊലീസ് അറസ്റ്റു ചെയ്തു

അബുദാബി: കോടികളുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തിയ 13 സംഘങ്ങളിലായി 142 പേരെ അബുദാബി പൊലീസ് അറസ്റ്റു ചെയ്തു. കോടികളുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നു ഫോണ്‍ വിളിച്ചോ എസ്എംഎസ് സന്ദേശം അയച്ചോ ഇരകളെ അറിയിക്കുന്ന സംഘം തുക അക്കൗണ്ടിലേക്ക് മാറ്റാനായി ബാങ്ക് അക്കൗണ്ട് നമ്പറും രഹസ്യ നമ്പറും ഒടിപിയും ചോദിക്കും. ഇവ ലഭിക്കുന്നതോടെ അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കുന്ന സംഘം തുക മുഴുവന്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

നിരവധി മലയാളികളടക്കമുള്ള വിദേശികള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ട്. തുടര്‍ന്ന് 2019 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 9 വരെ നടത്തിയ തിരച്ചിലില്‍ അതാതു എമിറേറ്റുകളിലെ പൊലീസിന്റെ സഹായത്തോടെയാണ് ദുബായ്, അജ്മാന്‍ കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തിവന്ന സംഘത്തെ പിടികൂടിയത്. അതിനാല്‍ വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്നവരുടെ വലയില്‍ വീഴരുതെന്നും വ്യാജ വാഗ്ദാനത്തില്‍ വഞ്ചിതരാകരുതെന്നും ഇത്തരക്കാര്‍ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

തട്ടിപ്പുകള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായ ബോധവല്‍ക്കരണവും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങള്‍ കൂടുതലായി എത്തുന്ന പൊതു സ്ഥലങ്ങളിലും തൊഴിലാളി ക്യാംപുകളിലും മറ്റും മലയാളം, ഉര്‍ദു, ഇംഗ്ലിഷ്, അറബിക് ഭാഷകളില്‍ ലഘുലേഖകളും വിതരണം ചെയ്യും. വ്യാജ വാഗ്ദാനങ്ങളുമായി ഫോണ്‍ വിളിയെത്തിയാല്‍ 800 2626 നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

Comments are closed.