വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍

തിരുവനന്തപുരം: താപനില ഉയരുന്നതിനാല്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം ഇന്നു മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമ വേളയായിരിക്കുമെന്ന് ലേബര്‍ കമ്മിഷണര്‍ പ്രണബ്ജ്യോതി നാഥ് ഉത്തരവിറക്കി.

തുടര്‍ന്ന് ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറാക്കിയിരിക്കുകയാണ്. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും വിധം പുനഃക്രമീകരിക്കുകയായിരുന്നു.

അതേസമയം പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാര്‍, ചീഫ് ഇന്‍സ്പെക്ടര്‍ ഒഫ് പ്ലാന്റേഷന്‍സ് എന്നിവര്‍ ലേബര്‍ കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാദ്ധ്യതയില്ലാത്ത മേഖലകളെ നിയന്ത്രണ പരിധിയില്‍ നിന്ന് ഒഴിവാക്കി.

Comments are closed.