പാന്‍കാര്‍ഡിനു തുല്യമായി പത്ത് മിനിട്ടിനുള്ളില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ പാന്‍ സ്വന്തമാക്കാം

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഇനി പാന്‍കാര്‍ഡിനു തുല്യമായി പത്ത് മിനിട്ടിനുള്ളില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ പാന്‍ നേടാവുന്നതാണ്. അതിനായി രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ മാത്രം മതി. തുടര്‍ന്ന് പത്ത് മിനിട്ടിനുള്ളില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ലഭിക്കുന്നതാണ്. ഇത് പാന്‍കാര്‍ഡിനു തുല്യമായി ഉപയോഗിക്കാവുന്നതാണ്. അതേസമയം 50രൂപ മുടക്കിയാല്‍ ലാമിനേറ്റഡ് പാന്‍കാര്‍ഡ് ലഭിക്കും.

എന്നാല്‍ പുതിയ പാന്‍ ലഭിക്കുന്നതിന് പണമൊന്നും നല്‍കേണ്ടതില്ല എന്നു മാത്രമല്ല പേപ്പറില്‍ അപേക്ഷ നല്‍കേണ്ടതില്ല. എളുപ്പവുമാണ്. കൂടാതെ രേഖകളൊന്നും പോരട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതുമില്ല. അതേസമയം നേരത്തെ പാന്‍ ലഭിക്കാത്തവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകണം. ജനനതിയതി മാസവും വര്‍ഷവും ഉള്‍പ്പടെ ആധാറില്‍ ഉണ്ടായിരിക്കുകയും വേണം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാന്‍ ലഭ്യമാകുന്നതല്ല.

അപേക്ഷിക്കാവുന്ന രീതി

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ ഇന്‍സ്റ്റന്റ് പാന്‍ ത്രൂ ആധാര്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

പുതിയ പേജില്‍ ഗെറ്റ് ന്യു പാന്‍ എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക.

പുതിയ പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ആധാര്‍ നമ്പര്‍ നല്‍കുക. ക്യാപ്‌ചെ കോഡ് നല്‍കിയാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.

ഒടിപി നല്‍കുക.

ആധാര്‍ വിവരങ്ങള്‍ വാലിഡേറ്റ് ചെയ്യുക.

പാന്‍ അപേക്ഷയോടൊപ്പം ഇ-മെയില്‍ ഐഡിയും വാലിഡേറ്റ് ചെയ്യാവുന്നതാണ്.

ആധാര്‍ നമ്പര്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഇ-പാന്‍ അനുവദിക്കും.

ചെക്ക് സ്റ്റാറ്റസ്/ഡൗണ്‍ ലോഡ് പാന്‍ എന്നസ്ഥലത്ത് ആധാര്‍ നമ്പര്‍ നല്‍കി പിഡിഎഫ് ഫോര്‍മാറ്റിലുള്ള പാന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ആധാര്‍ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇ-മെയിലിലും പിഡിഎഫ് ഫോര്‍മാറ്റില്‍ പാന്‍ ലഭിക്കും.

Comments are closed.