അനധികൃത സ്വത്ത് സമ്പാദന കേസ് : വി എസ് ശിവകുമാര്‍ എംഎല്‍എയുടെ വീട്ടില്‍ പതിനാല് മണിക്കൂര്‍ നീണ്ട റെയ്ഡ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വി എസ് ശിവകുമാര്‍ എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സിന്റെ പതിനാല് മണിക്കൂര്‍ നീണ്ട റെയ്ഡിനെത്തുടര്‍ന്ന് നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. കൂടാതെ ശിവകുമാറിനോടൊപ്പം പ്രതിപട്ടികയില്‍ ഉള്ള ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ്.ഹരികുമാര്‍, എം.എസ്.രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും വിജിലന്‍സ് സംഘം ഒരേസമയം പരിശോധന നടത്തിയിരുന്നു. വി എസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടില്‍ രാവിലെ എട്ടരമണിയോടെ തുടങ്ങിയ റെയ്ഡ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം രാത്രി പത്തരയോടെയാണ് ശിവകുമാറിന്റെ വീട്ടിലെ പരിശോധന അവസാനിച്ചത്. പിടിച്ചെടുക്കുന്ന രേഖകള്‍ വിശദമായ പരിശോധിക്കും. തിങ്കളാഴ്ച്ച ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും. കൂടാതെ പ്രതികളിലൊരാളായ ഹരികുമാര്‍ വഞ്ചിയൂരില്‍ വാങ്ങിയ അഞ്ചു സെന്റ് വീട്, ശാന്തി വിള എം.രാജേന്ദ്രന്‍ ബേക്കറി ജംഗ്ഷനില്‍ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനായി ശിവകുമാറിന് വിജിലന്‍സ് നോട്ടീസ് നല്‍കുന്നതാണ്.

Comments are closed.