കേരള റോഡ് സുരക്ഷാ അതോറിട്ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷാ കമ്മിഷണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് കേരള റോഡ് സുരക്ഷാ അതോറിട്ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് ഭേദഗതി ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതാണ്. എന്നാല്‍ നിലവില്‍ സംസ്ഥാന റോഡ് സേഫ്ടി അതോറിട്ടിയുടെ അനുവാദത്തോടെ മാത്രമേ കമ്മിഷണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇത് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് കാലതാമസം ഉണ്ടാക്കുന്നു.

ഇനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ കമ്മിഷണര്‍ തീരുമാനം എടുത്ത ശേഷം അത് അതോറിട്ടിയെ അറിയിച്ചാല്‍ മതി. നിലവില്‍ റോഡ് സുരക്ഷാ അതോറിട്ടി കമ്മിഷണര്‍ എന്‍. ശങ്കര്‍ റെഡ്ഡിയാണ്. ഗതാഗതമന്ത്രി റോഡ് സുരക്ഷാ അതോറിട്ടിയുടെ ചെയര്‍മാനും പൊതുമരാമത്ത് മന്ത്രി വൈസ് ചെയര്‍മാനുമാണ്. ചീഫ് സെക്രട്ടറി, എട്ടു വകുപ്പുകളുടെ സെക്രട്ടറിമാര്‍, പൊലീസ് മേധാവി തുടങ്ങിയവരടങ്ങുന്നതാണ് അതോറിട്ടി.

റോഡപകടം ഉണ്ടായാല്‍ അന്വേഷണ സംഘം രൂപീകരിച്ച് നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് റോഡ് സുരക്ഷാ കമ്മിഷ്ണറുടെ ചുമതലയാണ്. കൂടാതെ റോഡ് സുരക്ഷയ്ക്ക് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കുക, പൊതുജനങ്ങളുടെ സഹായത്തോടെ സുരക്ഷാ സംഘങ്ങളെ രൂപീകരിക്കുക, മോട്ടോര്‍ വാഹന വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുടെ ഏകോപനം തുടങ്ങിയവയും കമ്മിഷണറുടെ ചുമതലയായി മാറും.

Comments are closed.