തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കൊന്ന കേസില്‍ ശരണ്യയുടെ കാമുകനും പങ്ക്

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കാമുകനായ നിതിനെതിരെ ശരണ്യ നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നിതിന് കൂടി പങ്കുണ്ടെന്ന് വെളിപ്പെടുകയും ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. ശരണ്യയെ ഇയാള്‍ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സാഹചര്യതെളിവുകള്‍ക്കൊപ്പം ഇരുവരും തമ്മില്‍ നടത്തിയ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ചാറ്റുകളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ അന്വേഷണത്തിന് ലഭിച്ചു.

കുട്ടിയില്ലായിരുന്നെങ്കില്‍ വിവാഹം കഴിച്ചെനെ എന്നതടക്കമുള്ള കാര്യങ്ങള്‍ ചാറ്റിംഗില്‍ നിന്നും ലഭിച്ചെന്നാണ് വിവരം. കൂടാതെ ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ നിധിന്‍ കൈവശപ്പെടുത്തിയതായും കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ വീട്ടില്‍ പോയിരുന്നുവെന്ന് നിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ശരണ്യയെക്കൊണ്ട് ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു.

ബാങ്ക് ലോണിന് ശ്രമിച്ചതിന്റെ രേഖകള്‍ കാമുകന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ശരണ്യ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ പ്രതിയാക്കാന്‍ ശരണ്യ നടത്തിയ നാടകം കണ്ട പൊലീസ് കരുതലോടെയാണ് മുന്നോട്ട് പോയത്. എന്നാല്‍ ശരണ്യയുടെ മൊഴി തീര്‍ത്തും തള്ളിക്കളയാനും അന്വേഷണ സംഘം തയ്യാറായിരുന്നില്ല. വിശദമായ അന്വേഷണത്തിന് ശേഷമാണ് വലിയന്നൂര്‍ സ്വദേശി നിധിനെയാണ് പ്രേരണകുറ്റം ചുമത്തി സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Comments are closed.