കൊല്ലം പള്ളിമണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി

കൊട്ടിയം: കൊല്ലം പള്ളിമണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി. ഇന്നലെ രാവിലെ പത്തരയോടെ വാക്കനാട് സരസ്വതി വിദ്യാനികേതനില്‍ ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ആറുവയസുകാരിയായ ദേവനന്ദയെ (പൊന്നു) അമ്മ വീടായ പള്ളിമണ്‍ ഇളവൂര്‍ ധനീഷ് ഭവനില്‍ നിന്നാണ് കാണാതായത്. ഓടനാവട്ടം കുടവട്ടൂര്‍ ദീപസദനത്തില്‍ സി.പ്രദീപിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദ. ഇളയ കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ധന്യ പള്ളിമണിലെ കുടുംബവീട്ടില്‍ തങ്ങുന്നത്.

ദേവനന്ദ ഇവിടെ നിന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്. പിതാവ് പ്രദീപ് ഗള്‍ഫിലാണ്. ധന്യയുടെ മാതാപിതാക്കള്‍ പുറത്തേക്കു പോയ സമയത്ത് വീട്ടില്‍ ധന്യയും മകളും ആറുമാസമായ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകള്‍ ഒറ്റയ്ക്ക് മുറ്റത്തു കളിച്ചുകൊണ്ടിരിക്കേ ധന്യ വസ്ത്രങ്ങള്‍ അലക്കാന്‍ പോയി. കുറച്ചുനേരം കഴിഞ്ഞ് മകളുടെ ഒച്ചയും അനക്കവും കേള്‍ക്കാത്തതിനെ തുടര്‍ന്ന് വന്നുനോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീടിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു.

തുടര്‍ന്ന് ധന്യ പരിസരം മുഴുവന്‍ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ധന്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികളും മറ്റും പരിസരത്തും നൂറു മീറ്റര്‍ അകലെയുള്ള പള്ളിക്കലാറിന്റെ തീരത്തും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ വിവരം അറിഞ്ഞെത്തിയ കണ്ണനല്ലൂര്‍ പൊലീസ് വ്യാപകമായി തെരച്ചില്‍ തുടങ്ങി. വീട്ടിലെത്തി മണംപിടിച്ച പൊലീസ് നായ ആറിന് കുറുകേയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ എത്തിയശേഷം മടങ്ങിപ്പോന്നു. ഇതോടെ ഫയര്‍ ഫോഴ്‌സിനെ വരുത്തി.

മുങ്ങല്‍ വിദഗ്ദ്ധര്‍ ആറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.കുട്ടിയെ കാണാനില്ലെന്ന വിവരം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. തട്ടിക്കൊണ്ടു പോയെന്ന നിലയിലായിരുന്നു പ്രചാരണം. ഇതോടെ നാടെങ്ങും ജാഗ്രതയിലായി. ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്. അതേസമയം ആശങ്കയുടെ നിമിഷങ്ങള്‍ പിന്നിടുമ്പോഴും ജനക്കൂട്ടവും പൊലീസും ഉറങ്ങാതെ ദേവനന്ദയ്ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ചാത്തന്നൂര്‍ എ.സി. പി ജോര്‍ജ് കോശി വ്യക്തമാക്കി.

Comments are closed.