ഡല്‍ഹി കലാപം : മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും

ദില്ലി: വടക്കു കിഴക്കന്‍ ദില്ലിയിലെ കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. അതേസമയം ഇന്നലെ രാത്രി തിലക് നഗര്‍, രജൗരി ഗാര്‍ഡന്‍ മേഖലകളില്‍ ചൂതാട്ട സംഘത്തെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ റെയ്ഡുകളും തുടര്‍ന്ന് സമീപത്തെ ആറു മെട്രോ സ്റ്റേഷനുകള്‍ അടച്ചതും സംഘര്‍ഷം ഉണ്ടായതായി അഭ്യുഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ പൊലീസ് വിശദികരണവുമായി രംഗത്ത് എത്തിയതോടെ ആശങ്ക മാറി.

അതേസമയം വടക്കു കിഴക്കന്‍ മേഖലയിലെ ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും. ആദ്യഘട്ടം അപേക്ഷ ലഭിച്ച 69 പേര്‍ക്ക് ധനസഹായം നല്‍കി തുടങ്ങിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കലാപബാധിത മേഖലകളില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ നേരിട്ടെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതാണ്. എന്നാല്‍ 45 പേരാണ് ഇതുവരെ കലാപത്തില്‍ മരിച്ചത്.

254 കേസ് കളിലായി 903 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും. ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് തീരുമാനം.

Comments are closed.