പൊലീസ് ആസ്ഥാനത്തുനിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവം : ക്രൈം ബ്രാഞ്ച് മേധാവിയുടെ സാനിധ്യത്തില്‍ എസ്എപി ക്യാമ്പില്‍ പരിശോധന

തിരുവനന്തപുരം: സായുധ പൊലീസ് ആസ്ഥാനത്തുനിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജി റിപ്പോട്ടിലും പൊലീസ് നടത്തിയ ആഭ്യന്തര പരിശോധനയിലും വെടിയുണ്ടകളുടെ എണ്ണത്തില്‍ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് മേധാവിയുടെ സാനിധ്യത്തില്‍ 11 മണിക്ക് എസ്എപി ക്യാമ്പില്‍ പരിശോധന നടക്കും. അതിനാല്‍ ചീഫ് സ്റ്റോറില്‍ നിന്നും എസ്എപി ക്യാമ്പിലേക്ക് നല്‍കിയിട്ടുള്ള വെടിയുണ്ടകളെല്ലാം ഹാജരാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം.

തുടര്‍ന്ന് വിവിധ എആര്‍ക്യാമ്പുകളിലും ബറ്റാലിയിനുകളിലും പരിശീലനത്തിനായി നല്‍കിയിരുന്ന വെടിയുണ്ടകള്‍ എസ്എപി ക്യാമ്പില്‍ തിരികെയെത്തിച്ചു. അതേസമയം കേരള പൊലീസിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തല്‍ വാര്‍ത്തയും വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

എസ്എപി ക്യാമ്പില്‍ നിന്നും 12000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. സിഎജി റിപ്പോര്‍ട്ടിലടക്കം പൊലീസിലെ അഴിമതി പുറത്ത് വന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Comments are closed.