ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള അന്തരിച്ചു

കൊച്ചി: ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള അന്തരിച്ചു. രണ്ട് മാസമായി ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന വിജയന്‍ പിള്ള ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെ തോല്‍പ്പിച്ച് ഇടതുസ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. ആര്‍എസ്പി ബേബി ജോണ്‍ വിഭാഗ നേതാവായിരുന്നു അദ്ദേഹം.

എന്നാല്‍ ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ ചേര്‍ന്നു. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ വിജയന്‍പിള്ള കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആര്‍ എസ് പി ഇതര എം എല്‍ എ ആണ് എന്‍. വിജയന്‍ പിള്ള. ചവറ മടപ്പള്ളി വിജയമന്ദിരത്തില്‍ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് വിജയന്‍പിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തുകയായിരുന്നു. ഭാര്യ: സുമാദേവി, മൂന്ന് മക്കള്‍.

Comments are closed.