സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആറ് മുതല്‍ 36 മാസം വരെ ശിക്ഷ കര്‍ശന നിയമനടപടിയുമായി ഇറ്റലി

റോം: ഇറ്റലിയില്‍ രോഗബാധയെ ചെറുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. രോഗലക്ഷണമുണ്ടായിട്ടും ഐസൊലേറ്റ് ചെയ്യാന്‍ കൂട്ടാക്കാത്തവര്‍ക്കെതിരെയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും മനപ്പൂര്‍വം വൈറസ് പരത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തുന്നത്. തുടര്‍ന്ന് ആറ് മുതല്‍ 36 മാസം വരെ ശിക്ഷ ലഭിക്കുന്നതാണ്.

അശ്രദ്ധമൂലവും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതുമൂലം രോഗം പരത്തി ആരുടെയങ്കിലും മരണത്തിന് ഉത്തരവാദിയായാല്‍ 21 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നരഹത്യ കുറ്റം ചുമത്തും. തനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞിട്ടും ഐസൊലേഷനില്‍ കഴിയാതെ മറ്റുള്ളവര്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ കാരണക്കാരാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനപ്രകാരമാണ് നടപടിയുണ്ടായത്.

അതേസമയം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ കൊവിഡ് 19 ബാധിച്ച രാജ്യമാണ് ഇറ്റലി. 15113 പേര്‍ക്ക് രോഗം ബാധിക്കുകയും 1016 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്കും രോഗബാധ നിരക്കും ചൈനയേക്കാള്‍ കൂടുതല്‍ ഇറ്റലിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

Comments are closed.