നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊറോണ രോഗിയായ ബ്രിട്ടീഷ് പൗരനെയും ഭാര്യയെയും ഐസൊലേഷനിലാക്കി

നെടുമ്പാശേരി: മൂന്നാറിലെ ഹോട്ടലിലെ നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊറോണ രോഗിയായ ബ്രിട്ടീഷ് പൗരനെയും ഭാര്യയെയും കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17 പേരെ എറണാകുളത്തെ സ്വകാര്യ ഹോട്ടലിലും നിരീക്ഷണത്തിലാക്കി. കഴിഞ്ഞ 6ന് നെടുമ്പാശേരി വിമാനത്താവളം വഴി കൊച്ചിയിലെത്തിയ ബ്രിട്ടീഷ് സഞ്ചാരികള്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം 10ന് ഉച്ചയോടെയാണ് മൂന്നാറിലെത്തിയത്.

കെ.ടി.ഡി.സിയുടെ ആഡംബര ഹോട്ടലായ ടീ കൗണ്ടിയിലായിരുന്നു താമസിച്ചത്. തുടര്‍ന്ന് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന്‍ അന്ന് രാത്രി ഒമ്പതോടെ മൂന്നാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതേസമയം കൊറോണ സംശയിച്ച ഡോക്ടര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് ഇയാളും ഭാര്യയും അടക്കമുള്ള 19 അംഗ സംഘത്തെ ഹോട്ടലില്‍ തന്നെ നിരീക്ഷത്തിലാക്കി. എന്നാല്‍ 11ന് രാവിലെ ഇയാളും ഭാര്യയും ഒഴികെയുള്ള സംഘം മാട്ടുപ്പെട്ടി ഡാം സന്ദര്‍ശിച്ചു.

ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് ശരീരസ്രവങ്ങള്‍ ശേഖരിച്ച ശേഷം പിറ്റേന്ന് ഹോട്ടലിലെത്തിച്ചു. പരിശോധന ഫലം വരും വരെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഹോട്ടലില്‍ തുടരാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 14ന് രാത്രി 10 മണിയോടെ ട്രാവല്‍ ഏജന്റിന്റെ നേതൃത്വത്തില്‍ സംഘം ടൂറിസ്റ്റ് ബസില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു. ഇയാളുടെ ആദ്യ ഫലം നെഗറ്റീവായിരുന്നു. വിശദ പരിശോധനയുടെ ഫലം ശനിയാഴ്ച വൈകിട്ടാണ് ഇടുക്കിയിലെ ആരോഗ്യവകുപ്പിന് ലഭിച്ചത്.

ഇന്നലെ രാവിലെ 9ന് ദുബായ് വഴി പോകുന്ന എമിറേറ്റ്സ് വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 8.45നാണ് ഇടുക്കി കളക്ടര്‍ എറണാകുളം കളക്ടര്‍ എസ്. സുഹാസിനെ വിവരം അറിയിക്കുന്നത്. അപ്പോഴേക്കും എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി സംഘം വിമാനത്തില്‍ കയറിയിരുന്നു. അദ്ദേഹം അപ്പോള്‍ തന്നെ വിമാനത്താവളവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് വിമാനം തടയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.ആരോഗ്യ വകുപ്പ് അധികൃതരും മറ്റും ചേര്‍ന്ന് വിമാനത്തില്‍ നിന്ന് ബ്രിട്ടീഷ് സംഘത്തെ പുറത്തിറക്കുകയായിരുന്നു.

Comments are closed.