കൊവിഡ് 19 : യാത്രക്കാര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. തുടര്‍ന്ന് മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം മുഴുവന്‍ പണവും നല്‍കാനായി എല്ലാ സ്റ്റേഷനുകളിലും റീഫണ്ടിംഗ് കൗണ്ടറുകള്‍ സ്ഥാപിക്കും. റീഫണ്ടിംഗിനായി ടിക്കറ്റെടുത്ത റെയില്‍വേ സ്റ്റേഷനിലെത്തുന്ന സാഹചര്യമൊഴിവാക്കാനാണ് പ്രത്യേക കൗണ്ടറുകള്‍ തുറക്കുക. കൂടാതെ ട്രെയിന്‍ റദ്ദാക്കിയാലും യാത്രക്കാരന് മുഴുവന്‍ പണവും ലഭിക്കുന്നതാണ്.

അതേസമയം ട്രെയിന്‍ റദ്ദാക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന് യാത്ര റദ്ദാക്കണമെങ്കില്‍ ടിക്കറ്റ് ഡെപോസിറ്റ് റെസീപ്റ്റ് 30 ദിവസനത്തിനകം ഹാജരാക്കിയാല്‍ മതി. നേരത്തെ ഇത് മൂന്ന് ദിവസമായിരുന്നു. റെസീപ്റ്റ് ഹാജരാക്കിയാല്‍ 60 ദിവസത്തിനകം പണം ലഭിക്കും. 139 നമ്പര്‍ മുഖേനയാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ 30 ദിവസത്തിനകം റീഫണ്ട് ലഭിക്കുന്നതാണ്. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ആളുകള്‍ കൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നതിനുമായി രാജ്യത്താകമാനം 709 ട്രെയിനുകളാണ് റദ്ദാക്കുന്നത്.

മാര്‍ച്ച് 13നും 16നും ഇടയ്ക്ക് ട്രെയിനുകളില്‍ ഇതുവരെ 12 കൊവിഡ് 19 ബാധിതര്‍ യാത്ര ചെയ്തെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ കൊവിഡ് 19 ബാധ പടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്ര ഒഴിവാക്കാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് 19 ബാധയുണ്ടെങ്കില്‍ നിങ്ങള്‍ക്കും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പരമാവധി ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്നും റെയില്‍വേ വ്യക്തമാക്കി.

Comments are closed.