തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു ; ഇതോടെ ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധിച്ചുള്ള മരണം 12 ആയി

മധുര: തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മധുര സ്വദേശി മരിച്ചു. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54 വയസുള്ളയാളാണ് മരിച്ചത്. എന്നാല്‍ ഇയാള്‍ക്കു രോഗം പകര്‍ന്നത് എങ്ങനെ എന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധിച്ചുള്ള മരണം 12 ആയി. ഇതുവരെ 562 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം, കൊവിഡ് 19-ന്റെ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചു. രാജ്യത്തെ ഓരോ പൗരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്.

ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നതെന്നും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല. ഇത് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. കാറോണ പടര്‍ന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം.

ഇത് രോഗികള്‍ക്ക് മാത്രമേ വേണ്ടൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങള്‍ക്കും എനിക്കും അങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ. എന്നാല്‍ ചിലര്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസര്‍ക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചേ പറ്റുകയുള്ളുവെന്നും മോദി വ്യക്തമാക്കി.

Comments are closed.