രാജ്യമെങ്ങും 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു ; അവശ്യ സര്‍വ്വീസുകളെ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കി

ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ രാജ്യമെങ്ങും 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും ഉത്തരവിലൂടെ ഏര്‍പ്പെടുത്തിയിരക്കുകയാണ്. ചിലരുടെ അശ്രദ്ധ സമൂഹത്തിനും രാജ്യത്തിനും ഭീഷണി ഉയര്‍ത്തി.

ഇപ്പോള്‍ ഇതു നടപ്പാക്കിയില്ലെങ്കില്‍ ഏറെ കുടുംബങ്ങളെ രാജ്യത്തിന് നഷ്ടപ്പെടും. വികസിത രാജ്യങ്ങള്‍ക്ക് പോലും കൊവിഡ് 19-നെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഇത് മറികടക്കുന്ന ചില രാജ്യങ്ങളുടെ അനുഭവം കടമെടുത്താണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്ന നടപടിയിലേക്ക് രാജ്യം പോകുന്നത്.

ജനത കര്‍ഫ്യുവിനെക്കാള്‍ വലിയ കര്‍ഫ്യുവാണ് വരാന്‍ പോകുന്നത്. അവശ്യ സാധനങ്ങളുടെ ലഭ്യതയെ ഈ അടച്ചിടല്‍ ബാധിക്കില്ലെന്നും ഇത് കാരണം കഷ്ടപ്പെടുന്നവരെ രാജ്യം മറക്കില്ലെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രി സമ്പൂര്‍ണ കര്‍ഫ്യു പ്രഖ്യാപിച്ചത്.

അതേസമയം കടകള്‍, പാല്‍ ബൂത്തുകള്‍, റേഷന്‍ കടകള്‍ എന്നിവ തുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആരോഗ്യ മേഖലക്ക് പുറമെ ടെലികോം പെട്രോള്‍ പമ്പുകള്‍ മാധ്യമങ്ങള്‍ എന്നിവയേയും കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യവശ്യമല്ലാത്ത കേന്ദ്ര-സംസ്ഥാന ഓഫീസുകളെല്ലാം അടച്ചിടുന്നതാണ്.

Comments are closed.