രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 718 ആയി ; ഇന്നലെ മാത്രം 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ദില്ലി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 718 ആയി. ഇന്നലെ മാത്രം 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 45 പേര്‍ ഇതുവരെ രോഗവിമുക്തരായി. അതേസമയം മഹാരാഷ്ട്ര ,രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലോക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിക്കാതെ കൊവിഡിനെ ചെറുക്കാനാവില്ലെന്നും ഇന്ത്യയില്‍ രോഗം സമൂഹ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഇത് വരെ 5 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണ്ണാടകത്തിലും തെലങ്കാനയിലും തമിഴ്‌നാട്ടിലുമെല്ലാം ഇന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡില്‍ ഇന്ന് ആദ്യമായി മാര്‍ച്ച് 24ന് ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം ആന്‍ഡമാനില്‍ എത്തിയ വ്യക്തിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

അതേസമയം കര്‍ണാടകത്തില്‍ രോഗം ബാധിച്ച ഒരാള്‍ നഞ്ചന്‍ഗോഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനാണ്. ഇയാള്‍ വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു നിന്ന് എത്തിയവരുമായി നേരിട്ട് ഇടപഴകിയതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് നടത്തിവരികയാണ്.

Comments are closed.