അമേരിക്കയില്‍ 24 മണിക്കൂറില്‍ പതിനയ്യായിരത്തിലേറെ പേര്‍ക്ക് കൊവിഡ് ; 1200 ലേറെ പേര്‍ മരിച്ചു

ദില്ലി: ചൈനയെ മറികടന്ന് അമേരിക്കയില്‍ 24 മണിക്കൂറില്‍ പതിനയ്യായിരത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 1200 ലേറെ പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ 15461 പുതിയ കോവിഡ് രോഗികളെയാണ് കണ്ടെത്തിയത്. ആകെ രോഗികളുടെ എണ്ണം 83672 ആയി. ലോകത്താകമാനം കോവിഡ് മരണങ്ങള്‍ ഇരുപത്തിനാലായിരം കടന്നു.

ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെയായി. എന്നാല്‍ ഇറ്റലിയില്‍ ഇന്നലെ മാത്രം 662 ആളുകള്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 8000 കടന്നു. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 7,457 പേര്‍ രോഗികളായി. ആകെ മരണം 3647 ആയി. തുടര്‍ന്ന് രാജ്യത്തെ അടിയന്തരാവസ്ഥ ഏപ്രില്‍ 12 വരെ നീട്ടി. ചൈനയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരും വിദേശത്ത് നിന്നുള്ളവരാണ്.

അതേസമയം ഹംഗറിയില്‍ 37കാരനായ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വസതിയില്‍ താമസിക്കുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുള്ള അമേരിക്കന്‍ സൈനികര്‍ക്ക് 60 ദിവസത്തേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് അടച്ചുപൂട്ടല്‍ സമയം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമായ പരിശീലനം നല്‍കി നിയോഗിക്കാന്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

എന്നാല്‍ സ്രവപരിശോധനകളുടെ എണ്ണം കൂട്ടണം. രോഗബാധ സംശയിക്കുന്നവരെയെല്ലാം കണ്ടെത്തണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കൂടാതെ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളര്‍ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ മുന്നെരുക്കങ്ങള്‍ തുടങ്ങി.

Comments are closed.