ഇവന്‍ നമ്മളുടെ സ്വന്തം മെസി; മിഷാലിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന

0

ലഖ്‌നൗ: ലിയോണല്‍ മെസിയെ അനുകരിച്ച് ഗോള്‍ നേടിയ മിഷാല്‍ അബുലൈസെന്ന പന്ത്രണ്ടുകാനെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. തന്റെ ഇന്‍സ്റ്റഗ്രാം ഔദ്യോഗിക അക്കൗണ്ടില്‍ സ്‌റ്റോറി ആക്കുകയായിരുന്നു റെയ്‌ന. ‘നമ്മളുടെ സ്വന്തം കേരളത്തില്‍ നിന്ന് നമ്മളുടെ സ്വന്തം മെസി.’ എന്ന അടികുറിപ്പോടെയാണ് റെയ്‌ന വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയായ മിഷാലിന്റെ ഫ്രീകിക്ക്.

ബാഴ്സലോണയുടെ അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയുടെ ഒരു ഫ്രീകിക്ക് അതുപോലെ അനുകരിക്കുകയായിരുന്നു പന്ത്രണ്ടുകാരന്‍. ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയിലായി മുകളില്‍ തൂക്കിയിട്ട ഒരു വളയത്തിലൂടെയാണ് മിഷാല്‍ പന്ത് കടത്തിയത്. മലപ്പുറം ജില്ലയിലെ മമ്പാട് ഗവണ്‍മെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മിഷാല്‍.

നാലാം ക്ലാസ് മുതല്‍ സഹോദരന്‍ വാജിദിനൊപ്പം ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയതാണ്. നാട്ടില്‍ നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ കാണാന്‍ സഹോദരനോടൊപ്പം ചെറുപ്പം തൊട്ടേ മിഷാല്‍ പോകുമായിരുന്നു, അങ്ങനെയാണ് മിഷാല്‍ കാല്‍പ്പന്തിനെ പ്രണയിച്ചു തുടങ്ങിയത്. ജില്ലാ ടീമിന്റെ മുന്‍ ഗോള്‍കീപ്പറായ അബുലൈസ് കണിയനാണ് പിതാവ്. ഇപ്പോള്‍ വൈറലായ ഫ്രീകിക്ക് വീഡിയോക്ക് പുറമെ മറ്റി ചില വീഡിയോകളും മിഷാലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുണ്ട്. മുമ്പൊരിക്കല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മിഷാല്‍ അനുകരിച്ചിരുന്നു.

Leave A Reply

Your email address will not be published.