ബിഎസ്എൻഎൽ 49,300 2ജി, 3ജി സൈറ്റുകൾ 4 ജിയിലേക്ക് മാറ്റുന്നു

0

ടെലികോം മേഖലയിലെ മത്സരം കാരണം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ 2 ജി, 3 ജി സൈറ്റുകൾ 4 ജിയിലേക്ക് നവീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 49,300 2ജി, 3ജി സൈറ്റുകൾ നവീകരിച്ച് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള പദ്ധതിക്ക് ബിഎസ്എൻഎൽ ബോർഡ് അംഗീകാരം നൽകി. 2,300 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.

2 ജി, 3 ജി സൈറ്റുകളുടെ അപ്-ഗ്രേഡേഷൻ മാത്രമേ ചുരുങ്ങിയ സമയത്തിനുള്ളിൽ നടക്കൂ എന്നാണ് കമ്പനിയുടെ നിഗമനം. പുതിയ പദ്ധതിയിലൂടെ അപ്-ഗ്രേഡേഷൻ പ്രവർത്തനങ്ങൾ 4-6 മാസത്തിനുള്ളിൽ ആരംഭിക്കാനാകുമെന്നും ടെൻഡർ റൂട്ടിലൂടെ ഇത് 18 മുതൽ 20 മാസം വരെ എടുക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. അപ്‌ഗ്രേഡേഷൻ ചെലവ് കണക്കാക്കിയതിൽ നിന്നും പുതിയ ടവറുകൾ സ്ഥാപിക്കുന്നതിനേക്കാൾ പഴയത് നവീകരിക്കുന്നത് ലാഭകരമാണെന്നും ബിഎസ്എൻഎൽ കണക്ക് കൂട്ടുന്നു.

2ജി, 3ജി സൈറ്റുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് നോക്കിയയ്ക്കും ഇസഡ്ടിഇയ്ക്കും കരാർ നൽകാൻ ബിഎസ്എൻഎൽ തീരുമാനിച്ചു. നേരത്തെ സാംസങ്ങിന് ഈ കരാർ നൽകാൻ കമ്പനി പദ്ധതിയിട്ടിരുന്നുവെങ്കിലും ഇത് സ്ഥിരീകരിച്ചിരുന്നില്ല. മറ്റ് സ്വകാര്യ കമ്പനികളെ പോലെ വിപണിയിലെ മത്സരത്തിൽ ശക്തമായി നിലനിൽക്കാൻ 4ജി നെറ്റ്വർക്കുകൾ ആവശ്യമാണെന്ന ഘട്ടത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് ബിഎസ്എൻഎൽ പോയത്. കമ്പനി കേരളം ഉൾപ്പെടെയുള്ള ചില സർക്കിളുകളിൽ 4 ജി ലഭ്യമാക്കുന്നുണ്ട്.

കേരളം ഉൾപ്പെടെയുള്ള ചുരുക്കം ചില സർക്കിളുകളിൽ ബി‌എസ്‌എൻ‌എൽ 4ജി നെറ്റ്വർക്ക് ലഭ്യമാക്കുന്നുണ്ട്. ഈ സർക്കിളുകളിലെ ഉപയോക്താക്കൾക്കായി രണ്ട് പ്രീപെയ്ഡ് 4 ജി പ്ലാനുകളാണ് കമ്പനി നൽകുന്നത്. ഈ പ്ലാനുകൾക്ക് 96 രൂപ, 236 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് 10 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. ടെലിക്കോം വിപണി കണ്ട ഏറ്റവും മികച്ച 4ജി പ്ലാനുകളിലൊന്നാണ് ഇത്.

ധാരാളം ഡാറ്റ ആവശ്യമുള്ള ആളുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് മേൽപ്പറഞ്ഞ രണ്ട് പ്ലാനുകളും. ഈ പായ്ക്കുകൾ കോളിംഗ്, മെസേജ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. ഈ പ്ലാൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനും മെസേജുകൾ അയക്കാനുമായി മറ്റേതെങ്കിലും പ്ലാനുകളെ കൂടി ആശ്രയിക്കേണ്ടി വരും.

നിലവിൽ ബിഎസ്എൻഎൽ അതിന്റെ 4 ജി സേവനങ്ങൾ വളരെ കുറച്ച് സർക്കിളുകളിൽ മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. ബിഎസ്എൻഎൽ 4ജി ആദ്യമായി എത്തിയ കേരളത്തിൽ കൂടാതെ കൊൽക്കത്ത, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, ചെന്നൈ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, എന്നീ സർക്കിളുകളിൽ നിലവിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാണ്. ഈ സർക്കിളുകളിലെ ഉപയോക്താക്കൾക്ക് മാത്രമേ 96 രൂപ, 236 രൂപ പ്ലാനുകൾ ലഭ്യമാവുകയുള്ളു.

Leave A Reply

Your email address will not be published.