ലാ ലിഗ ജൂണില്‍ പുനഃരാരംഭിക്കും..? വിവരങ്ങള്‍ പുറത്തുവിട്ട് ലെഗാനസ് പരിശീലകന്‍

0

മാഡ്രിഡ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലാ ലിഗ മത്സരങ്ങള്‍ അടുത്ത മാസം 20ന് പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ലെഗാനസ് പരിശീലകന്‍ ഹാവിയര്‍ അഗ്യൂറെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 26ന് അവസാനിപ്പക്കുന്ന രീതിയിലാണ് മത്സരക്രമം. എന്നാല്‍ ഇക്കാര്യം ലാ ലിഗ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അടച്ചിട്ട് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. അഞ്ച് ആഴ്ചയ്ക്കകം മത്സരങ്ങള്‍ പൂര്‍ത്തിയാക്കും.

ശനി, ഞായര്‍, ബുധന്‍, വ്യാഴം ദിസങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ലാ ലിഗ അധികൃതര്‍ ഔദ്യോഗികമായി ഇക്കാര്യം എന്നെ അറിയിച്ചുവെന്നാണ് അഗ്യൂറെ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം ലാ ലിഗയിലെ ക്ലബുകള്‍ക്ക് പരിശീലനം തുടങ്ങാന്‍ സ്പാനിഷ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ പരിശീലനം ആരംഭിക്കും. കഴഞ്ഞ ദിവസം ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരുള്‍പ്പെടുന്ന ബാഴ്‌സലോണ താരങ്ങള്‍ ഗ്രൗണ്ടിലെത്തിയിരുന്നു. 11 മത്സരരങ്ങളാണ് ഇനി ലാ ലിഗയില്‍ അവശേഷിക്കുന്നത്.

27 മത്സരങ്ങളില്‍ 58 പോയിന്റമായി ബാഴ്‌സലോണയാണ് മുന്നില്‍. ഇത്രയും മത്സരങ്ങളില്‍ 56 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതാണ്. സെവിയ (47), റയല്‍ സോസിഡാഡ് (46) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്തംഭിച്ച ഫുട്‌ബോള്‍ ലീഗുകള്‍ ഉണരുകയാണ്. നേരത്തെ ബുണ്ടസ് ലിഗ ആരംഭിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ മാസം പകുതിയോടെ മത്സരങ്ങള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടത്തുക. ജൂണ്‍ അവസാനത്തോടെ ലീഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.