സംസ്ഥാനത്ത് എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനു ശേഷം ജൂണ്‍ ആദ്യവാരം നടത്തും : കേന്ദ്രം

0

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനു ശേഷം ജൂണ്‍ ആദ്യവാരം നടത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ മേയ് 31 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യം പരിഗണിക്കാതെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം 26 മുതല്‍ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ലംഘിച്ച് പരീക്ഷ നടത്തേണ്ട കാര്യമില്ലെന്നും ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ നല്‍കാമെന്നും കേന്ദ്രം അറിയിച്ചതിനാലാണ് തീരുമാനം. കേന്ദ്രം നിര്‍ദേശം വന്നശേഷമാണ് പുതിയ തീയതി പ്രഖ്യാപിക്കുകയുള്ളൂ. പരീക്ഷകള്‍ പൂര്‍ത്തിയായ ഉടന്‍തന്നെ മൂല്യനിര്‍ണയവും നടത്തി ജൂണില്‍ തന്നെ ഫലപ്രഖ്യാപനം നടത്താനാണ് നീക്കം.

എഴുതുന്നതിനായി ലക്ഷക്കണക്കിന് കുട്ടികള്‍ ഒരുമിച്ച് പുറത്തേക്ക് വരുന്നതോടെ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കാനാവും, ലോക്ഡൗണിനെ തുടര്‍ന്ന് അകലെയുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നതിന് കുട്ടികള്‍ക്കുള്ള ബുദ്ധിമുട്ട്, സ്വദേശങ്ങളിലേക്ക് മടങ്ങിയ മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് തിരിച്ചെത്താന്‍ കഴിയാത്തത്, കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നത് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ ഇടയാക്കുമെന്നത്, അധ്യാപകര്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ എത്തുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ പരിഗണിച്ചാണ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

അതേസമയം ലോക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടന്നതോടെ കേന്ദ്രം നിര്‍ദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഇളവുകള്‍ നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് എത്താന്‍ എല്ലാ സൗകര്യങ്ങളൂം നല്‍കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുയര്‍ന്ന ആശങ്കകളും പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പും അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്.

Leave A Reply

Your email address will not be published.