മദ്യവിതരണത്തിനുള്ള ആപ്പ് വൈകിയത് കൊണ്ട് സംസ്ഥാനത്തിന് വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി

0

തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ആപ്പ് വൈകിയത് കൊണ്ട് സംസ്ഥാനത്തിന് വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്നും കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്ന സോഫ്റ്റ്വെയര്‍ കമ്പനിയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്.

അതില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. ഇത്തരം ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയേണ്ട കാര്യമില്ല. സോഫ്റ്റുവെയര്‍ കമ്പനിയെ തെരഞ്ഞെടുത്തത് ഐടി വകുപ്പാണ്, എക്‌സൈസ് വകുപ്പല്ല. ഈ കമ്പനിക്ക് ഇതിനുള്ള ശേഷിയുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഈ തെരഞ്ഞെടുപ്പ് നടന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കുള്ള ആപ്പിന് സാങ്കേതിക അനുമതി കാത്തിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ കാരണം അടച്ചിട്ട മദ്യശാലകള്‍ തുറക്കുമ്പോള്‍ വലിയ തിരക്ക് ഉണ്ടാകും. അതിന് വേണ്ടിയാണ് ആപ്പിനെ കുറിച്ച് ആലോചിച്ചത്. അത് കുറ്റമറ്റ നിലയിലായിരിക്കണം നടപ്പാക്കേണ്ടത്. അതുകൊണ്ടാണ് കാലതാമസം വരുന്നത്. ആപ്പിന് ഗൂഗിളിന്റെ അനുമതി ആവശ്യമാണ്. അത് നേടാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്. അധികം വൈകാതെ ആപ്പ് ഉപയോഗത്തില്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.