പത്തു പ്രധാന മേല്‍പ്പാലങ്ങളുടെ നിര്‍മാണം : നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

0

പത്തു പ്രധാന മേല്‍പ്പാലങ്ങളുടെ നിര്‍മാണം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ത്തിയാക്കാന്‍ തയ്യാറായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ പ്രധാന 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം 6 മുതല്‍ 8 മാസത്തിനുള്ളില്‍ തീര്‍ക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നവീനമായ സ്റ്റീല്‍ കോംപസിറ്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഈ പത്ത് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് ഒറ്റ ടെന്‍ഡര്‍ വിളിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുപ്പത്തിയെട്ടാം കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. പരമ്പരാഗത കോണ്‍ക്രീറ്റ് നിര്‍മാണ രീതിയേക്കാള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് കാര്യക്ഷമമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷ(ഞആഉഇഗ)നാണ് പദ്ധതിയുടെ എസ്പി വി. ഡിസൈന്‍ ,ബില്‍ഡ്, ട്രാന്‍സ്ഫര്‍ (ഉആഠ) രീതിയിലാണ് മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക .

കരാറുകാരന്‍ സമര്‍പ്പിക്കുന്ന രൂപകല്‍പ്പന (റലശെഴി) ഐഐടി അടക്കമുള്ള വിദഗ്ധ സ്ഥാപനങ്ങളുടെ പരിശോധനയ്ക്ക് ശേഷമാകും നിര്‍മാണഘട്ടത്തിലേക്ക് പോവുന്നത്. ആവശ്യമെങ്കില്‍ കിഫ്ബിയുടെ ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്റര്‍ സാങ്കേതിക സഹായം നല്‍കും.

നിര്‍മാണ സമയത്തെ ഗതാഗത തടസം, സമീപത്തെ ജനജീവിതത്തിലുള്ള ആഘാതം തുടങ്ങിയവയെല്ലാം പുതിയ നിര്‍മാണ രീതിയില്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയും. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണായകമായ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പരമ്പരാഗത രീതികള്‍ കൊണ്ട് വൈകുകയായിരുന്നു.

Leave A Reply

Your email address will not be published.