സി.ബി.എസ്.ഇ പരീക്ഷയും മൂല്യനിര്‍ണയവും സംബന്ധിച്ച മാര്‍ഗരേഖ സുപ്രീം കോടതി അംഗീകരിച്ചു

0

ന്യുഡല്‍ഹി: കൊവിഡ് വ്യാപന സാഹചര്യത്തില്‍ സി.ബി.എസ്.ഇ പരീക്ഷയും മൂല്യനിര്‍ണയവും സംബന്ധിച്ച മാര്‍ഗരേഖ സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റീസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റീസ് ദിനേഷ് മഹേശ്വരി, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സി.ബി.എസ്.ഇയ്ക്കും കേന്ദ്രസര്‍ക്കാരിനും വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വിജഞാപനമിറങ്ങി.

10,12 ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തില്ല. എന്നാല്‍ നിലവിലെ സാഹചര്യം മാറുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പിന്നീട് സംവിധാനമൊരുക്കും. അതേസമയം നിലവില്‍ എഴുതിയ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം ജൂലായ് 15ന് പ്രഖ്യാപിക്കും. പുതിയ വിജ്ഞാപനമനുസരിച്ച്, പരീക്ഷ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ സാധാരണ രീതിയില്‍ മൂല്യനിര്‍ണയം നടക്കും. പരീക്ഷ പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ മികച്ച മാര്‍ക്ക് ലഭിച്ച മൂന്നു പരീക്ഷകളുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും ശരാശരി മാര്‍ക്ക് കണക്കാക്കുന്നത്.

മൂന്നു പരീക്ഷകള്‍ മാത്രം നടന്ന സ്ഥലങ്ങളില്‍ മികച്ച മാര്‍ക്ക് ലഭിച്ച രണ്ട് പരീക്ഷകളുടെ ഫലം പരിഗണിക്കും. ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയവര്‍ക്ക് ഇന്റേണല്‍ അസസ്സ്മെന്റ്, പ്രാക്ടിക്കല്‍ പരീക്ഷകളുടെ ഫലം കൂടി പരിഗണിക്കും. ഓപ്ഷണല്‍ പരീക്ഷ എഴുതിയവര്‍ക്ക് അതിന്റെ ഫലം പരിഗണിക്കും. മാര്‍ക്ക് കുറഞ്ഞുവെന്ന് തോന്നിയാല്‍ ഓപ്ഷണല്‍ പരീക്ഷ എഴുതാം.

പരീക്ഷ പൂര്‍ത്തിയായ കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ പുതിയ മാനദണ്ഡം ബാധകമാവില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ അവശേഷിക്കുന്ന 12ാം ക്ലാസിലെ പരീക്ഷകള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം രക്ഷിതാക്കളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. നടന്ന പരീക്ഷകളുടെയും ഇന്റേണല്‍ അസസ്മെന്റിന്റേയും അസൈന്‍മെന്റുകളുടെയും അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ മാനദണ്ഡം തന്നെയാണ് ഐസിഎസ്ഇ ബോര്‍ഡും സ്വീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.