അനധികൃത സ്വത്ത് സമ്പാദനം : സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി നടപടി സംസ്ഥാന നേതൃത്വം അംഗീകരിച്ചു

0

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി നടപടി സംസ്ഥാന നേതൃത്വം അംഗീകരിച്ചു. ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ജില്ലാ കമ്മിറ്റിയുടെ തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകരിച്ചത്. സക്കീര്‍ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു ഉയര്‍ന്ന പരാതി.

അതിനായി ജില്ലാ കമ്മിറ്റിയാണ് സക്കീര്‍ ഹുസൈനെതിരെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. സി എം ദിനേശ് മണി, പി ആര്‍ മുരളി എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയര്‍ന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോണ്‍ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നും പരാതിയില്‍ സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്‌ഐയെ ഭീഷണിപ്പെടുത്തല്‍, ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാര്‍ക്ക് നേരെ തട്ടിക്കയറല്‍ ഇങ്ങനെ നിരവധി വിവാദങ്ങള്‍ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തയാളാണ് സക്കീര്‍ ഹുസൈന്‍.

Leave A Reply

Your email address will not be published.