നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവെച്ചൂര്‍ സ്വദേശിയുടെതാണെന്ന് പോലീസ്

0

കോട്ടയം: കോട്ടയം നാട്ടകത്ത് ഇന്നലെ കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവെച്ചൂര്‍ സ്വദേശിയുടെതാണെന്ന് പോലീസ് കണ്ടെത്തി. സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണുകളും പഴ്സും വസ്ത്രങ്ങളുമാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായകമായത്. കുമരകത്തെ ഒരു ബാറില്‍ ജീവനക്കാരനായ ജിഷ്ണു ഹരിദാസ് (23) ആണ് മരിച്ചത്. ജൂണ്‍ മൂന്നിന് ജോലിക്കായി കുമരകത്തേക്ക് പോയ ജിഷ്ണുവിനെ പിന്നീട് കാണാതായതോടെ വീട്ടുകാര്‍ വൈക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു.

അസ്ഥികൂടത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്ന് ചിങ്ങവനം പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഈ ദിവസങ്ങളില്‍ കാണാതായവരെ കുറിച്ച് അന്വേഷിച്ചത്. നാട്ടകത്ത് കുറ്റിക്കാട്ടില്‍ ഒരു പുളിമരത്തിന്റെ ചുവട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഷര്‍ട്ട് മരത്തിനു മുകളിലായിരുന്നു. കാട് വെട്ടിത്തെളിക്കാന്‍ വന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്.

ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ജിഷ്ണു സ്വര്‍ണ ചെയിന്‍ അടക്കം ധരിച്ചിരുന്നു. വീട്ടില്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു. ജൂണ്‍ മൂന്നിന് കുമരകത്ത് ബസ് ഇറങ്ങിയ ജിഷ്ണു മറ്റൊരു ബസില്‍ കോട്ടയത്തേക്ക് പോയെന്ന് വൈക്കം പോലീസിന്റെ അന്വേഷണത്തില്‍ അന്ന് കണ്ടെത്തിയിരുന്നൂ. ബസ് യാത്രയ്ക്കിടെ തുടര്‍ച്ചയായി ഫോണ്‍ സംഭാഷണത്തിലായിരുന്നുവെന്ന് യാത്ര ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ മൊഴി കൊടുത്തിരുന്നു.

Leave A Reply

Your email address will not be published.