അച്ഛനേയും മകനേയും കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്

0

ചെന്നൈ: തത്തൂക്കുടിയില്‍ അച്ഛനേയും മകനേയും കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവായി. പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി. കൊല്ലപ്പെട്ട ജയരാജിന്റെയും മകന്‍ ബെന്നിക്സിന്റെയും ശരീരത്തില്‍ കസ്റ്റഡി മര്‍ദ്ദനത്തിന്റെ ആവശ്യത്തിലേറെ തെളിവുകളുണ്ട്. മൃതദേഹത്തിലെ മുറിവ് അതിന്റെ തെളിവാണ്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ മര്‍ദ്ദനത്തിന് തെളിവുണ്ട്. കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച് മജിസ്ട്രേറ്റിന് മൊഴി നല്‍കിയ വനിതാ കോണ്‍സ്റ്റബിളിന് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് പരിഗണിക്കുന്നതിനു മുന്‍പ് തത്തൂക്കുടി എ.സി.പി, ഡി.സി.പി, സാത്താന്‍കുളം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് രാവിലെ 11ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം കോവില്‍പെട്ടി മജിസ്ട്രേറ്റിന്റെ അന്വേഷണത്തോട് നിസ്സഹകരിച്ചതിനാണ് നടപടിയെടുത്തത്. അന്വേഷണത്തിന് വന്നത് മജിസ്ട്രേറ്റ് ആണെന്ന് മനസ്സിലായില്ലേ എന്ന് ചോദിച്ച ഹൈക്കോടതി, ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടി തുടരുമെന്നും പറഞ്ഞു. ലോക്ഡൗണ്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ജയ്രാജനെയും മകനേയും പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടു മണിക്ക് ശേഷവും സെല്‍ഫോണ്‍ കട തുറന്നുപ്രവര്‍ത്തിപ്പിച്ചുവെന്നും ചോദ്യം ചെയ്തതിന് പോലീസിനെ കയ്യേറ്റം ചെയ്തുവെന്നുമാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.

എന്നാല്‍ ഇത് കളവാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ പുറത്തുവിട്ടിരുന്നു. പോലീസ് ഏഴു മണിക്ക് മുന്‍പാണ് കടയില്‍ എത്തിയതെന്നും പോലീസ് വിളിച്ചതിനു പിന്നാലെ ജയരാജന്‍ കടയില്‍ നിന്ന് ഇറങ്ങി ജീപ്പില്‍ കയറുന്നതും സിസിടിവിയിലുണ്ട്. ജൂണ്‍ 23ന് രാത്രിയാണ് കോവില്‍പെട്ടി ആശുപത്രിയില്‍ ജയരാജനും പിറ്റേന്ന് പുലര്‍ച്ചെ ബെന്നിക്സും മരിച്ചത്. അമിതരക്തസ്രവത്തെ തുടര്‍ന്നായിരുന്നു മരണം. സംഭവം വലിയ പ്രക്ഷോഭത്തിലേക്ക് പോയതോടെയാണ് കോടതി ഇടപെട്ട് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Leave A Reply

Your email address will not be published.