ഇന്ത്യാ – ചൈനാ അതിര്‍ത്തി സംഘര്‍ഷം : ലഡാക്കില്‍ സൈനികരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0

ന്യൂഡല്‍ഹി: ഇന്ത്യാ – ചൈനാ അതിര്‍ത്തി സംഘര്‍ഷത്തില്‍ സാഹചര്യം വിലയിരുത്താനും സൈനിക വിന്യാസം അറിയാനുമായി ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സൈനികരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിക്കൊപ്പം സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേനാ മേധാവി എംഎം നരവനെയും ഉണ്ടായിരുന്നു. രാവിലെ ഉന്നതതല സംഘം തന്നെ ലെ യില്‍ എത്തി.

പിന്നാലെ ലഡാക്കിലും എത്തി. നിമുവില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിന് സ്ഥിതിഗതികള്‍ ലഫ് ജനറല്‍ ഹരീന്ദര്‍ സിംഗ് വ്യക്തമാക്കി. 11,000 അടി ഉയരത്തിലാണ് നിമുവിലെ സൈനിക കേന്ദ്രം. അതിര്‍ത്തിയിലെ സേനാ വിന്യാസം വിലയിരുത്താനായിരുന്നു അദ്ദേഹം എത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഏതു നീക്കത്തെയും അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച നടത്തിയ റേഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സൗഹൃദം സൂക്ഷിക്കാനറിയാം. എന്നാല്‍ അത് ദൗര്‍ബല്യമായി കരുതരുതെന്നും ഭാരതമാതാവിനെ തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നത് നമ്മുടെ ധീരരായ സൈനികര്‍ തെളിയിച്ചു കൊടുത്തെന്നും പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ഇവിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും വ്യാഴാഴ്ച അത് മാറ്റി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ പ്രകോപനത്തിനു പിന്നാലെ അരുണാചല്‍ പ്രദേശ് സെക്ടറിലും ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നുകയറാന്‍ ചൈനീസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. അരുണാചലിലെ നിയിഞ്ചിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം െചെനീസ്‌ െസെന്യം വന്‍ സന്നാഹം ഒരുക്കുന്നതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.