സൈന്യത്തിന്റെ ആയുധ നവീകരണത്തിനായി 38,900 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

0

ന്യൂഡല്‍ഹി: സൈന്യത്തിന്റെ ആയുധ നവീകരണത്തിനായി 38,900 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തുടര്‍ന്ന് 33 പോര്‍വിമാനങ്ങളും മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുമാണ് പുതുതായി രാജ്യത്തിന്റെ ആയുധശേഖരത്തില്‍ എത്തിക്കാനാണു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡി.എ.സി) യോഗം തീരുമാനിച്ചത്.

റഷ്യയില്‍നിന്ന് 21 മിഗ്-29 വിമാനങ്ങള്‍ വാങ്ങാനും ഇന്ത്യ ഉപയോഗിച്ചുവരുന്ന 59 മിഗ്-29 വിമാനങ്ങള്‍ നവീകരിക്കാനുമായി 7,418 കോടി രൂപയാണു ചെലവിടുന്നത്. കൂടാതെ, റഷ്യയുടെ സഹായത്തോടെ 12 സുഖോയ് എസ്യു-30 എം.കെ.ഐ. വിമാനങ്ങള്‍ ബംഗളുരുവിലെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്.എ.എല്‍) നിര്‍മിക്കും. ചെലവ് 10,730 കോടി രൂപ. പോര്‍വിമാനങ്ങളുടെ 42 സ്‌ക്വാഡ്രണുകളാണു വ്യോമസേനയ്ക്ക് അനുവദിച്ചിട്ടുള്ളതെങ്കിലും നിലവിലുള്ളത് 29 എണ്ണം മാത്രം.

ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലം മുതല്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ക്കായി വ്യോമസേന ശിപാര്‍ശ നല്‍കിയെങ്കിലും അംഗീകാരം ലഭിച്ചില്ല. അതിനു ശേഷമാണു വിവാദങ്ങള്‍ മറികടന്ന് ഫ്രാന്‍സില്‍നിന്നു റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായത്. മൊത്തം അനുവദിച്ച 39,800 കോടിയില്‍ 31,130 കോടി രൂപയും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമായ ആയുധങ്ങള്‍ വാങ്ങാനായാണ് ഉപയോഗിക്കുന്നത്.

പിനാക മിസൈല്‍ സംവിധാനത്തിന്റെ നവീകരണം, ബി.എം.പി. ആയുധ നവീകരണം, കരസേനയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തു പ്രത്യേകമായി വികസിപ്പിച്ച റേഡിയോ സംവിധാനം, ദീര്‍ഘദൂര ക്രൂസ് മിസൈല്‍ സംവിധാനങ്ങള്‍, അസ്ത്ര മിസൈല്‍ ശേഖരം വിപുലമാക്കല്‍ എന്നിവയാണു പ്രധാനപ്പെട്ട പദ്ധതികള്‍. നാവിക, വ്യോമ സേനകള്‍ക്കായാണ് 248 ദീര്‍ഘദൂര എയര്‍ ടു എയര്‍ അസ്ത്ര മിസൈലുകള്‍ വാങ്ങുന്നത്.

Leave A Reply

Your email address will not be published.