ദിവസവും 5ജിബി ഡാറ്റ നല്‍കുന്ന പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

0

സ്വകാര്യ കമ്പനികളോട് മത്സരിച്ച് പിടിച്ച് നിൽക്കാൻ മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ അവതരിപ്പിക്കുന്ന ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ച പ്ലാനാണ് 599 രൂപയുടെ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് എസ്ടിവി. ദിവസവും 5ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ് ഇത്. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. നേരത്തെ സമാന ആനുകൂല്യങ്ങൾ നൽകുന്നൊരു പ്ലാൻ 551 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. ഇത് ആന്ധ്രാപ്രദേശ്, തെലുങ്കാന സർക്കിളുകളിൽ മാത്രമാണ് ലഭ്യമാക്കിയിരുന്നത്.

ബിഎസ്എൻഎല്ലിന്റെ പുതിയ 599 രൂപ പ്രീപെയ്ഡ് എസ്ടിവി രാജ്യത്തുടനീളമുള്ള എല്ലാ സർക്കിളുകളിലും ലഭ്യമാകും. ഈ പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇത് ഡാറ്റ മാത്രം നൽകുന്നൊരു പ്ലാനാല്ല. വോയിസ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. നേരത്തെ രണ്ട് സർക്കിളുകളിലേക്കായി ബിഎസ്എൻഎൽ അവതരിപ്പിച്ച 551 രൂപ പ്ലാൻ ഡാറ്റ-ഓൺലി പ്ലാനായിരുന്നു. പുതിയ 599 രൂപ പ്ലാൻ കോംബോ പ്ലാനാണ്.

599 രൂപ എസ്ടിവിയിലൂടെ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പ്രതിദിനം 250 മിനിറ്റ് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വിളിക്കാൻ സാധിക്കും. ഇതിനൊപ്പം പ്രതിദിനം 5 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. ചെയ്ത തീയതി മുതൽ 90 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എംടിഎൻഎൽ സർക്കിളുകളായ മുംബൈയും ദില്ലിയും ഒഴികെ എല്ലാ ബി‌എസ്‌എൻ‌എൽ സർക്കിളുകളിലും 599 രൂപയുടെ പ്ലാൻ ലഭ്യമാകും.

ബിഎസ്എൻഎല്ലിന്റെ പുതിയ 599 രൂപ പ്ലാനിൽ ദിവസവും 5 ജിബി ഡാറ്റ എന്ന ലിമിറ്റ് ഉണ്ടെങ്കിലും ഇതൊരു അൺലിമിറ്റഡ് പ്ലാൻ തന്നെയാണ്. ദിവസേനയുള്ള 5ജിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ വേഗത 80 കെബിപിഎസായി കുറയുമെന്ന് ബി‌എസ്‌എൻ‌എൽ അറിയിച്ചു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 450 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്.

ബിഎസ്എൻഎല്ലിന്റെ എതിരാളികളായ സ്വകാര്യ കമ്പനികളെല്ലാം ഒരു ദിവസത്തേക്ക് നൽകുന്നത് പരമാവധി 3 ജിബി ഡാറ്റയാണ്. വോഡാഫോൺ ഡബിൾ ഡാറ്റ ഓഫറിന്റെ ഭാഗമായി ദിവസവും 2ജിബി ഡാറ്റ നൽകേണ്ട ചില പ്ലാനുകളിൽ ഇപ്പോൾ 4ജിബി ഡാറ്റ ലഭ്യമാക്കുന്നുണ്ട്. എയർടെൽ, ജിയോ എന്നീ കമ്പനികൾ നിലവിൽ ദിവസം 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ മാത്രമേ ലഭ്യമാക്കുന്നുള്ളു. ഇതിനൊപ്പം കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യം നൽകുന്ന ചില ഡാറ്റ ആഡ്ഓൺ പായ്ക്കുകൾ കമ്പനികളെല്ലാം നൽകുന്നുണ്ട്.

Leave A Reply

Your email address will not be published.