ബിജെപില്‍ ചേര്‍ന്ന് ഒരു ദിവസത്തിനകം പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്സ്ത താരം മെഹ്താബ് ഹുസൈന്‍

0

കൊല്‍ക്കത്ത: ബിജെപില്‍ ചേര്‍ന്ന് ഒരു ദിവസത്തിനകം പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ കേരള ബ്ലാസ്റ്റേഴ്സ്ത താരം മെഹ്താബ് ഹുസൈന്‍. ഫേസ്ബുക്കിലൂടെയാണ് താരം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്ന കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച്ച മുന്‍ ഇന്ത്യന്‍ താരം കൂടിയായ മെഹ്താബ് ബിജെപിയില്‍ ചേരുകയും എന്നാല്‍ ബുധനാഴ്ച രാവിലെ തീരുമാനം പിന്‍വലിക്കുകയുമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷാണ് മെഹ്താബ് ഹുസൈന് നേരിട്ട് പാര്‍ട്ടി അംഗത്വം നല്‍കിയത്.

”ഇന്ന് ഞാന്‍ എന്താണോ, ആ നിലയിലേക്ക് വളരാന്‍ എന്നെ സഹായിച്ച ജനങ്ങള്‍ക്കൊപ്പമാണ് ഞാന്‍. അതുകൊണ്ടുതന്നെയായിരുന്നു രാഷ്ട്രീയ പ്രവേശനം. അതേ ആളുകള്‍ തന്നെ നേരിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കരുതെന്ന് എന്നെ നിര്‍ബന്ധിക്കുന്നു. ഇന്നലെയാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തു. അവരുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. എന്നെ രാഷ്ട്രീയത്തിലല്ല, ഇതുവരെ കണ്ട ഇടത്തില്‍ തന്നെ (ഫുട്ബോള്‍) കാണാനാണ് ഇഷ്ടമെന്നാണ് പൊതുവികാരം. ഞാനത് മാനിക്കുന്നു രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയല്ല ഈ തീരുമാനം” താരം കുറിച്ചു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം നിമിത്തമാണ് മെഹ്താബ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ബിജെപിയുടെ ആരോപണം. മോഹന്‍ ക്ലബ് ഭാരവാഹിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സഹോദരനുമായ സ്വപന്‍ ബാനര്‍ജിയാണ് മെഹ്താബിന്റെ മനസ്സു മാറ്റിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ്പ്രകാശ് മജുംദാര്‍ ആരോപിച്ചിരുന്നു.

Leave A Reply

Your email address will not be published.