കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍പക്ഷം മറ്റൊരു ഹര്‍ജി കൂടി നല്‍കി

0

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സ്പീക്കര്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാനിരിക്കേ കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍പക്ഷം മറ്റൊരു ഹര്‍ജി കൂടി നല്‍കി. തുടര്‍ന്ന് ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കി. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു. അതുവരെ തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പെടുന്ന വിഷയമാണെന്നും കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നുമാണ് സച്ചിന്റെ ആവശ്യം. നിയമസഭാ ചേരാത്ത സമയത്ത് വിപ്പ് നല്‍കാന്‍ പാര്‍ട്ടിക്ക് അധികാരമില്ലെന്നും സഭാ സമ്മേളനത്തിലല്ല, ഒരു ഹോട്ടലില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് പങ്കെടുക്കാതിരുന്നതെന്നും അതിനാല്‍ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നുമാണ് സച്ചിന്‍ പക്ഷം വാദിക്കുന്നത്. സച്ചിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും മുന്‍ സോളിസിറ്റര്‍ ജനറല്‍ മുകുള്‍ റോത്തഗിയും ഹാജരായി. മനു അഭിഷേക് സിംഗ്വിയാണ് സ്പീക്കര്‍ സി.പി ജോഷിക്ക് വേണ്ടി ഹാജരായത്.

Leave A Reply

Your email address will not be published.